
ന്യൂഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
“വിധി രഹസ്യാത്മകമാണ്. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.”
വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ഇന്ത്യ ഇടപഴകിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2022 ഓഗസ്റ്റിൽ ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തത്. കേസിൽ നാവിക സേനാംഗങ്ങൾ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ അധികൃതർ അത് തള്ളി.