ക്വീൻസ് ഇന്ത്യാ ഡേ പരേഡ് പ്രൗഡ്ഢ ഗംഭീരമായി സമാപിച്ചു

ന്യൂയോർക്ക്: ഫ്‌ലോറല്‍ പാര്‍ക്ക് – ബെല്ലെറോസ് ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (FBIMA)ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ‘ക്വീന്‍സ് ഇന്ത്യാ ഡേ പരേഡ്’ വിജയപ്രദമായി സമാപിച്ചു. വിവിധ സംഘടനകളുടെ ഫ്ളോട്ടുകളും സംഘടനാ അംഗംങ്ങളും അണിനിരന്ന പരേഡ് 263–ാ മത് സ്ട്രീറ്റിൽ നിന്നും ആരംഭിച്ച് മന്ദം മന്ദം മുന്നേറി കോമൺവെൽത്ത് ബൊളവാടിലൂടെ ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ എത്തിചേർന്നപ്പോൾ നൂറു കണക്കിന് ആളുകളാണ് പരേഡിനെ വരവേൽക്കുവാൻ കാത്തു നിന്നത്. ബോളിവുഡ് സിനിമാ-സീരിയൽ നടിയും ഗായികയുമായ കനിഷ്ക സോണി പരേഡിന്റെ ഗ്രാൻഡ് മാർഷൽ ആയിരുന്നു.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ധാരാളം പേര്‍ പരേഡില്‍ പങ്കെടുത്തെങ്കിലും മലയാളി സംഘടനകളുടെയും അമേരിക്കന്‍ മലയാളികളുടെയും നിറഞ്ഞ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. ഇന്റര്‍നാഷണല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഗ്ലോബല്‍), ഡോ.അന്നാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ഡോ.തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എക്കോ, ലീല മാരേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, ഫോമാ, ഫൊക്കാനാ, ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്, പയനിയര്‍ ക്ലബ് ഓഫ് കേരളൈറ്റ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്ക തുടങ്ങിയ വിവിധ മലയാളി സംഘടനകളുടെ ഫ്‌ളോട്ടുകള്‍ പരേഡിന് നിറപ്പകിട്ടാര്‍ന്നു.

ഇന്ത്യ ഡേ പരേഡ് ഓഫ് ലോങ്ങ് ഐലന്‍ഡ്, ഉത്തര്‍ പ്രദേശ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ജെയിന്‍ ടെമ്പിള്‍ ഓഫ് ന്യൂയോര്‍ക്ക്, ക്വീന്‍സ് വില്ലേജ് റിപ്പബ്ലിക്കന്‍ ക്ലബ്ബ്, തുടങ്ങി നിരവധി മറ്റ് സംഘടനകളുടെ അംഗങ്ങളും പരേഡില്‍ പങ്കെടുത്തവരില്‍പ്പെടുന്നു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, സീറോ മലബാര്‍ ചര്‍ച്ച്, ഡ്രം ബീറ്റ്സ് ഓഫ് ലോങ്ങ് ഐലന്‍ഡ് എന്നീ ചെണ്ട ടീമുകളുടെ മലയാളിത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മുന്നേറിയ പരേഡ് ഏവര്‍ക്കും രസകരമായിരുന്നു.

പരേഡിന് ശേഷം ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ധാരാളം പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുത്തു. ന്യൂയോർക്ക് മേയർ എറിക്ക് ആദംസിന്റെ സാന്നിദ്ധ്യം പരേഡ് പൊതുസമ്മേളനത്തിന് പ്രത്യേക ഉണർവ് നൽകി. ഫ്ലോറൽ പാർക്ക്- ബെല്ലറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കോശി ഒ. തോമസ് മേയറെ സദസ്സിനു പരിചയപ്പെടുത്തുകയും ഇന്ത്യ ഡേ പരേഡിന്റെ പേരിലുള്ള സ്നേഹോപകരമായി പ്ലാക്‌ മേയർക്ക് സമ്മാനിക്കുകയും ചെയ്തു. സാഹോദര്യത്തിന്റെയും ഐക്യതയുടെയും പ്രതീകമായി പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജ് ഒരു ഇന്ത്യൻ പതാകയും ഒരു അമേരിക്കൻ പതാകയും ചേർത്ത് മേയർക്ക് സമ്മാനിച്ചതും വേറിട്ടൊരനുഭവമായിരുന്നു. പരേഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൻറെ പ്രകാശനവും മേയർ നിർവഹിച്ചു. ന്യൂയോർക്ക് അസംബ്ലിയിലെ ആദ്യ ഇന്ത്യൻ വംശജയായ ജെന്നിഫർ രാജ്‌കുമാർ മേയറിന് ഇന്ത്യൻ ജനതയോടുള്ള പ്രത്യേക മമതയും താൽപ്പര്യവും വ്യക്തമാക്കി. ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി ദിനത്തിൽ സിറ്റി സ്കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ച ആദ്യ മേയറാണ് എറിക് ആദംസ് എന്ന് പ്രസ്താവിച്ചതും സദസ്സ് നിറഞ്ഞ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

വിവിധ ഡാൻസ് അക്കാദമികളിലെ കുട്ടികൾ നടത്തിയ പാട്രിയോട്ടിക് ഡാൻസുകളും, ഗാനങ്ങളും, പ്രകടനങ്ങളും അതി മനോഹരമായിരുന്നു. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അംഗങ്ങളുടെ ദേശഭക്തി ഡാൻസും നഴ്സുമാരുടെ മക്കളുടെ പ്രത്യേക ഡാൻസ് പരിപാടിയും സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

FBIMA -യുടെ ചെയർമാൻ സുബാഷ് കപാഡിയ, മുൻ പ്രസിഡന്റ് ഹേമന്ത് ഷാ, ബോർഡ് അംഗം മാത്യു തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കോശി ഒ തോമസ് (പ്രസിഡൻറ്) ഡോ. ഉജ്വല ഷാ (വൈസ് പ്രസിഡൻറ്), മേരി ഫിലിപ്പ് (സെക്രട്ടറി), കിരിത് പഞ്ചമിയ (ട്രഷറർ), ജെയ്‌സൺ ജോസഫ് (പബ്ലിക് റിലേഷൻസ്), അശോക് ജെയിൻ, ആശ മാമ്പള്ളി, ജോർജ് സി. പറമ്പിൽ, കളത്തിൽ വർഗ്ഗീസ്, വി. എം. ചാക്കോ, പരേഡ് ചെയർമാൻ ഡെൻസിൽ ജോർജ്, ബീനാ സഭാപതി, ഏലിയാമ്മ അപ്പുകുട്ടൻ തുടങ്ങിയവർ പരേഡിന്റെ നടത്തിപ്പിന് പ്രത്യേക നേതൃത്വം നൽകി.

More Stories from this section

family-dental
witywide