
ജറുസലം: ഇസ്രയേൽ – പലസ്തീൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ നിന്ന് റഫാ അതിർത്തി വഴി ആദ്യ സംഘം പുറത്തെത്തി. ഗാസയിൽ കുടുങ്ങിപ്പോയ വിദേശികൾക്കും ഇരട്ട പൗരത്വമുള്ളവർക്കും ഗുരുതരമായ രോഗങ്ങളുള്ളവരോ പരിക്കേറ്റവരോ ആയവർക്കും റഫാ അതിർത്തി വഴി ഈജിപ്തിലേക്ക് കടക്കാൻ അനുവാദം ലഭിച്ചു.എന്നാൽ രാജ്യത്തെ സാധാരണക്കാർക്ക് പലായനം ചെയ്യാൻ അനുമതിയില്ല.
ഈജിപ്തുമായുള്ള തെക്കൻ ഗാസ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റഫാ അതിർത്തി വഴി എത്ര പേർ ഇതിനകം അതിർത്തി കടന്നുവെന്നത് വ്യക്തമല്ല. ഏതാണ്ട് നാനൂറോളം ആളുകൾ അതിർത്തിയിൽ നിലയുറപ്പിച്ചു എന്നാണ് അറിയാൻ കഴിയുന്നത് .
44 രാജ്യങ്ങളിൽ നിന്നുള്ള പൌരനമാരും യുഎൻ ഉൾപ്പെടെ 28 അന്താരാഷ്‌ട്ര ഏജൻസികളും ഗാസ മുനമ്പിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളോ പരിക്കേറ്റവരോ ആയ 81 പലസ്തീനികളെ വിദഗ്ധ ചികിത്സയ്ക്കായി രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. റഫ അതിർത്തിയിലൂടെ ആംബുലൻസുകൾ കടക്കുന്ന തത്സമയ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഗാസയിൽ നിന്ന് പുറത്തു കടക്കാൻ ഇരട്ട പൌരത്വമുള്ള 7000 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ദിവസം 500 പേരെ മാത്രമേ കടത്തി വീടൂ എന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ ബന്ദികളാരാക്കിയ ഇരുനൂറ് വിദേശികളിൽ ചിലരെ ഉടൻ വിട്ടയക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഒരു ടെലിഗ്രാം വീഡിയോയിൽ പറഞ്ഞു. എന്നാൽ ബന്ദികളെക്കുറിച്ച് മറ്റ് വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല.
Rafah crossing opens briefly to allow some foreigners to exit Gaza















