വീപ്പകള്‍ ചേര്‍ത്ത് ചങ്ങാടമുണ്ടാക്കി; ഉദ്ഘാടന യാത്രയില്‍ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനയാത്രയില്‍ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍ വീണു. നീന്തലറിയാവുന്നതുകൊണ്ട് എല്ലാവരും നീന്തി കര പറ്റി. ചെമ്പുതോട്ടിലെ കടവില്‍ ഇന്നലെയാണ് ഉദ്ഘാടനയാത്രയില്‍ത്തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനും നാട്ടുകാരും വെള്ളത്തില്‍ വീണത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലെ കരയില്‍ നിന്നും വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലെ കരയിലേക്ക് യാത്ര ചെയ്യാനാണ് ചങ്ങാടമുണ്ടാക്കിയത്.

നാലു വീപ്പകള്‍ ചേര്‍ത്തുകെട്ടിയ ശേഷം മുകളില്‍ പ്ലാറ്റ്‌ഫോം കൊടുത്താണ് ചങ്ങാടം തയ്യാറാക്കിയത്. ആദ്യം സ്വന്തം കരയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ചങ്ങാടത്തിന്റെ യാത്ര ഉദ്ഘാടനം ചെയ്ത് മറുകരയിലെത്തി. അവിടെ നിന്ന് വൈസ് പ്രസിഡന്റിന്റെ വക രണ്ടാമത്തെ ഉദ്ഘാടനം നടന്ന ശേഷം തിരിച്ചു വരുന്ന വഴിക്ക് നാട്ടുകാരില്‍ ചിലര്‍ കൂടി ചങ്ങാടത്തില്‍ കയറി. ഇതോടെ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍ പോയി.

പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മൊബൈല്‍ വെള്ളത്തില്‍പ്പോയി എന്നതൊഴിച്ചാല്‍ ആര്‍ക്കും പരുക്കുകളൊന്നുമില്ല. നീന്തലറിയാവുന്നരായതിനാല്‍ വെള്ളത്തില്‍ വീണവരെല്ലാം നീന്തി കരപറ്റി.

More Stories from this section

family-dental
witywide