
മുംബൈ: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർർ 19ന് നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ടീം ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. ലോക കപ്പ് അവസാനിച്ചതോടെ രാഹുലിന്റെ രണ്ടുവർഷത്തെ കരാർ അവസാനിച്ചു. കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് ബിസിസിഐയെ അറിയിച്ചതായി രാഹുൽ പറഞ്ഞു.
ദ്രാവിഡിന് പകരക്കാരനായി വി.വി.എസ് ലക്ഷ്മണനെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് മുതൽ വിസാഗിൽ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത് ലക്ഷ്മണനാണ്.
“ടീമിൻ്റെ സ്ഥിരം പരിശീലകനാകാനുള്ള ആഗ്രഹം ലക്ഷ്മൺ പ്രകടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിനിടെ ലക്ഷ്മണ്‍ ബിസിസിഐ ഉന്നത ഉദ്യോഗസ്ഥരെ കാണാന്‍ അഹമ്മദാബാദിലെത്തിയിരുന്നു. അദ്ദേഹത്തെ ചുമതലയേൽപ്പിക്കാനാണ് സാധ്യത കൂടുതൽ. അടുത്ത മാസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സ്ഥിരം പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ പര്യടനമായിരിക്കും,” ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബെംഗളൂരുവിലെ ബിസിസിഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ലക്ഷ്മൺ. ലോകകപ്പിന് മുമ്പ് അയർലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലും കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പരയിലും ഇന്ത്യൻ ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മൺ.