
ന്യൂഡൽഹി: ബുധനാഴ്ച നടന്ന ഇന്ത്യ സഖ്യത്തിന്റെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി. സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബുധനാഴ്ചത്തെ യോഗവുമായി ബന്ധപ്പെട്ട വിഷയം ഇരുവരും സംസാരിച്ചതായാണ് വിവരം.
പല വിഷയങ്ങളിലും ഇടഞ്ഞുനിൽക്കുന്ന നിതീഷ് കുമാറിനെ അനുനയിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇൻഡ്യ സഖ്യത്തിന്റെ പ്രധാന സൂത്രധാരൻ നിതീഷ് കുമാറാണ്.
പ്രധാനമന്ത്രിയുടെയോ സഖ്യത്തിന്റെ കൺവീനറുടെയോ മുഖമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുകൂല നിലപാടെടുത്തിരുന്നു. എന്നാൽ ആദ്യം വിജയിക്കട്ടെ, പ്രധാനമന്ത്രി സ്ഥാനാർഥിയാരെന്ന് പിന്നീട് ചർച്ചചെയ്യുമെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
സഖ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണം എന്നതടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇൻഡ്യ സഖ്യത്തിലെ നേതാക്കളും നിതീഷ് കുമാറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. പേര് മാറ്റണമെന്ന നിർദേശം സോണിയ ഗാന്ധി നിരസിച്ചിരുന്നു. രാഷ്ട്രീയ ജനത ദൾ നേതാവായ മനോജ് ത്സായുമായും നിതീഷ് തർക്കത്തിലാണ്. ഡിഎംകെ നേതാക്കൾക്ക് മനസിലാകാനായി മനോജ് ത്സാ നിതീഷ് കുമാറിന്റെ ഹിന്ദിയിലുള്ള പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തിരുന്നു.
തന്റെ പ്രധാനമന്ത്രി മോഹത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താൻ നിതീഷ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, പലപ്പോഴായി ജെഡിയു ഇക്കാര്യം മുന്നോട്ട് വച്ചിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ അനുഭവങ്ങളും തികഞ്ഞ വ്യക്തിയാണ് നിതീഷെന്ന് ജെ.ഡി.യു നേതാക്കളും വ്യക്തമാക്കിയിരുന്നു.












