ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമെന്ന പ്രസ്താവനയിൽ തകിടം മറിഞ്ഞ് യുപി പിസിസി പ്രസിഡന്റ് അജയ് റായ്. കഴിഞ്ഞദിവസമാണ് അജയ് റായ് ഉത്തർപ്രദേശിലെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി “അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി തീർച്ചയായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അമേത്തിയിലെ ജനങ്ങൾ ഇവിടെയുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞത്. വാരാണസിയിൽ പോരിനിറങ്ങാൻ പ്രിയങ്ക ഗാന്ധിക്കു താൽപര്യമുണ്ടെങ്കിൽ ഓരോ കോൺഗ്രസുകാരനും അവർക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം അതേ ചോദ്യം അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഉത്തരം അല്പം വ്യത്യസ്തമായിരുന്നു. അമേഠിയിലെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തങ്ങളുടെ തെറ്റ് തിരുത്തണമെന്നും രാഹുൽ ഗാന്ധിക്ക് വൻ വിജയം ഉറപ്പാക്കണമെന്നും ആഗ്രഹിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെയും അമേഠിയിലെ ജനങ്ങളുടെയും ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേഠിയിൽ രാഹുൽ മത്സരിക്കണമെന്നത് അജയ് റായിയുടെ ആഗ്രഹമാണെന്നും അതാണ് അദ്ദേഹം പറഞ്ഞതെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുൽ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനം പാർട്ടിയെടുത്തിട്ടില്ല. ലോക്സഭാ സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2004 മുതൽ പ്രതിനിധീകരിക്കുന്ന അമേഠിയിൽ 2019 ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു രാഹുൽ പരാജയപ്പെട്ടിരുന്നു.