വയനാട്: അയോഗ്യത മാറി എംപി സ്ഥാനം തിരിച്ചു കിട്ടിയതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിൽ. ഇന്ന് വൈകിട്ട് 3.30ന് കല്‍പ്പറ്റയിൽ എത്തുന്ന രാഹുലിന് പൗരസ്വീകരണം നൽകും. കൽപ്പറ്റയിൽ നടക്കുന്ന പൊതുപരിപാടിയിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
പുലര്‍ച്ചയോടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂര്‍ എത്തും. അവിടെ നിന്ന് റോഡു മാര്‍ഗമാകും കല്‍പറ്റയിലെത്തുക. 13-ന് വയനാട്ടിലും കോടഞ്ചേരിയിലും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത് 13-ന് രാത്രി ഡല്‍ഹിക്ക് തിരിച്ചുപോകും.
അതിനിടെ രാഹുൽഗാന്ധിയുടെ സ്വീകരണം കോൺഗ്രസിന്റെ മാത്രം പരിപാടിയാക്കി ചുരുക്കിയതിൽ മുസ്ലിം ലീഗ് പ്രതിഷേധം അറിയിച്ചു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ യു.ഡി.എഫ്. ഒരുമിച്ചാണ് തെരുവിലിറങ്ങിയതെന്നും നിയമപോരാട്ടം നടത്തി വിജയിച്ച് അദ്ദേഹം തിരിച്ചെത്തുമ്പോൾ യു.ഡി.എഫ്. എന്ന നിലയിൽ സ്വീകരണമൊരുക്കുകയായിരുന്നു മുന്നണി എന്നനിലയിൽ കോൺഗ്രസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് മുസ്ലീം ലീഗിന്റെ അഭിപ്രായം.