തെലങ്കാനയിലെ ഒരു തട്ടുകടയില്‍ കയറി ‘ദോശ’ ചുട്ട് രാഹുല്‍ ഗാന്ധി, സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റാണ് രാഹുലിന്റെ ദോശ ചുടല്‍

ഹൈദരാബാദ്:  ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണമാണ് തെലങ്കാനയില്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു തട്ടുകടയില്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ദോശ ചുടാന്‍ മോഹം. ഒട്ടും സമയം പാഴാക്കിയില്ല, ചൂട്ടുപഴുത്ത കല്ലിലേക്ക് എണ്ണയൊക്കെ ഒഴിച്ച് നല്ല വട്ടത്തില്‍ ഒരു ദോശ. അല്പം മസാലയൊക്കെ ഇട്ട് ഒരു സ്പെഷ്യല്‍ ദോശയാണ് രാഹുല്‍ ഉണ്ടാക്കിയത്. തെങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചരണത്തിനിടെയാണ് റോഡരുകിലെ തട്ടുകടയില്‍ എത്തി രാഹുല്‍ ഗാന്ധി ദോശ ചുടല്‍ പരീക്ഷണം നടത്തിയത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുലിന്റെ ദോശ ചുടല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനകം തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെയായി ആയിരക്കണക്കിന് ആളുകള്‍ രാഹുലിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 

തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തുന്ന വിജയഭേരി വാഹന യാത്രയുടെ ഭാഗമായി സഞ്ചരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജഗ്തിയാലിലെ നുഗപ്പള്ളി ബസ് സ്റ്റാന്റിന് സമീപം വാഹനം നിര്‍ത്തി രാഹുല്‍ നേരെ തട്ടുകടയിലേക്ക് കയറുകയായിരുന്നു. തട്ടുകടക്കാരനോട് എങ്ങനെയാണ് ദോശ ചുടുന്നത് എന്നൊക്കെ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു രാഹുലിന്റെ പരീക്ഷണം. പിന്നീട് ബസ് സ്റ്റാന്റിലെ ആളുകളോട് കുശലാന്വേണമൊക്കെ നടത്തിയ ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മടക്കം.

രാഹുലിന്റെ ദോശ ചുടലിനെ പരിഹരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ട്രോളും തുടരുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന് തട്ടുകട നടത്തേണ്ടിവരും എന്നൊക്കെയുള്ള കമന്റുകള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിക്കുന്ന രാഹുലിന്റെ ചിത്രമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തെലങ്കാനയില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് തെലങ്കാനയില്‍ നടക്കുന്നത്. കോണ്‍ഗ്രസിന് തെലങ്കാനയില്‍ മുന്നേറ്റം ഉണ്ടാകും എന്നാണ് ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളൊക്കെ പ്രവചിച്ചത്.

119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 30നാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും തെലങ്കാനയില്‍ പ്രചരണം നടത്തുന്നുണ്ട്. തെലങ്കാനക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറം സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമാണ് തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

Rahul gandhi making dosa in Telangana

More Stories from this section

family-dental
witywide