
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തന്നെയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. പ്രതിപക്ഷ പാർട്ടി സഖ്യമായ ‘ഇന്ത്യ’ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക ഘടകങ്ങള്‍ക്ക് പങ്കുണ്ട്. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം എല്ലാ പാര്‍ട്ടികളിലും വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ ആണ് അത്തരം സമ്മര്‍ദം സൃഷ്ടിച്ചത്. അതിന്റെ ഫലമായി എല്ലാ പാര്‍ട്ടികളുടെയും സഖ്യം ഉണ്ടായി, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

2014 ല്‍ 31 ശതമാനം വോട്ടുകള്‍ നേടിയാണ് ബി ജെ പി അധികാരത്തില്‍ വന്നത്. ബാക്കിയുള്ള 69 ശതമാനം പേര്‍ അദ്ദേഹത്തിനെതിരായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഇന്ത്യാ സഖ്യം യോഗം ചേര്‍ന്നപ്പോള്‍ തന്നെ എന്‍ ഡി എ ഭയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 2024 ല്‍ 50% വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ എന്‍ ഡി എക്ക് സാധിക്കില്ലെന്നും ഗെഹ്ലോട്ട് അവകാശപ്പെട്ടു.
മോദി ജനപ്രീതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തിന് അത് സാധിച്ചിട്ടില്ല. 2014 ല്‍ മോദി പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് കാരണമാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യത്തില്‍ ഭാവിയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്നത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം ജനങ്ങളാണ് എടുക്കേണ്ടത്. എല്ലാവരും അവരുടെ തിരഞ്ഞെടുപ്പിനെ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.