
ജയ്പൂർ -മുംബൈ ട്രെയിനിൽ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ മുൻ ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരി ജാമ്യാപേക്ഷ നൽകി. താൻ മാനസിക രോഗിയാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ കോടതിയിൽ അഭിഭാഷകർ മുഖേന അപേക്ഷ നൽകിയത്. വർഷങ്ങളായി തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും ഹർജിയിൽ പറയുന്നു. മറവി രോഗത്തിൻ്റെ ലക്ഷണങ്ങളുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
കോടതി ഹർജി പരിഗണിക്കുന്നത് ഡിസംബർ ഒന്നിലേക്ക് മാറ്റി. അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജയ്പൂരിൽ നിന്ന് മുംബൈയ്ക്ക് വരികയായിരുന്ന ട്രെയിനിൽ ജൂലൈ 31നായിരുന്നു സംഭവം.
ബോധപൂർവം പ്രത്യേക മതവിഭാഗത്തിൽപ്പെട്ട യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നു. രണ്ട് വ്യത്യസ്ത കോച്ചുകളിലും പാൻട്രിയിലും ഉണ്ടായിരുന്ന 3 പേരെയും . കൂടെ ജോലി ചെയ്തിരുന്ന റയിൽവേ എഎസ്ഐ ടിക്കാറാം മീണ എന്ന ഉദ്യോഗസ്ഥനേയുമാണ് സർവീസ് ഗൺ ഉപയോഗിച്ച് വെടിവച്ച് കൊന്നത്.
ജോലിസമയം അവസാനിക്കുന്നതിന് മുൻപ് മറ്റൊരു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിപ്പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യമാണ് മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. അസ്ഗർ അലി അബ്ബാസ്, അബ്ദുൽ കാദർ ഭാൻപുർവാല, സയ്യിദ് സൈഫുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് യാത്രക്കാർ.
Railway cop who killed 4 on train moves to court for bail says he is insane













