
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും എന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാദ്ധ്യത.
കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.തെക്ക്-കിഴക്കൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെയും കോമോറിൻ മേഖലയ്‌ക്ക്മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം.
കഴിഞ്ഞദിവസം കനത്ത മഴയേത്തുടർന്ന് കോട്ടം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. മലവെള്ളം അതിവേഗം കുത്തിയൊലിച്ചു ആറിന്റെ കരകളില്‍ നാശനഷ്ടമുണ്ടാക്കി.മലവെള്ളപ്പാച്ചിലിൽ ഒരു റബ്ബർ മിഷൻപുര ഒഴുകിപ്പോയി. കൃഷിനാശവുമുണ്ട്. വെള്ളികുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു.