പത്തനംതിട്ട:: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു കിഴക്കൻ വന മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. മൂഴിയാർ , മണിയാർ അണക്കെട്ടുകൾ വീണ്ടും തുറന്നു. ഇതുമൂലം പമ്പ നദിയിലെ ജലനിരപ്പു ഉയർന്നിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്ന് സംശയിക്കുന്നുണ്ട്. പുഴകളില്‍ വലിയ മലവെള്ളപ്പാച്ചിലുണ്ടായി. ചിറ്റാർ സീതക്കുഴി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ആർക്കും പരുക്കില്ല. വൃഷ്ടി പ്രദേശത്ത് തീവ്ര മഴയെ തുടർന്ന് ഇന്നലെ മൂഴിയാർ ഡാമിന്റെ മൂന്ന് ഷാട്ടറുകൾ തുറന്നു. ഇത് ഇന്ന് പകൽ അടിച്ചിരുന്നു. അടൂർ, പന്തളം ആറന്മുള ഭാഗത്തു രാത്രിയും മഴ തുടരുന്നുണ്ട്.
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ പലയിടങ്ങളില്‍ മഴ തുടരാനാണ് സാധ്യത. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.