
തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. തുടക്കത്തില്‍ വടക്ക് പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച് നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി നവംബര്‍ 17 ഓടെ ഒഡിഷ തീരത്തിനു സമീപവും, നവംബര്‍ 18 ഓടെ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ സമീപത്തു കൂടിയും സഞ്ചരിക്കാന്‍ സാധ്യത.
വടക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നവംബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള തീരത്ത് ഇന്ന് (15-11-2023) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു















