
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യകിഴക്കൻ അറബിക്കടലിൽ, കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം ശനിയാഴ്ച രാത്രി 8.30നും 10.30നും ഇടയിൽ പനാജിക്കും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും ബംഗാളിനും വടക്കൻ ഒഡീഷയ്‌ക്കും മുകളിൽ സ്ഥിതി ചെയ്യുകയാണ്. കേരളത്തിൽ മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.
ഇന്നലെ രാവിലെ മുതൽ ഉച്ചവരെ തെക്കൻ ജില്ലകളിലും ഉച്ചയ്ക്കു ശേഷം മധ്യ- വടക്കൻ ജില്ലകളിലും കനത്ത മഴ ലഭിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കൊച്ചിയിൽ അടക്കം മഴ നാശം വിതച്ചു. കർണാടക തീരത്ത് 45 മുതൽ 65 കിലോമീറ്റർ വരെ വേഗത്തില് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്.