രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ച സംഭവം:സര്‍ക്കാര്‍ 10 ലക്ഷം രൂപയും ജോലിയും നല്‍കും

ജയ്പൂര്‍: രാജസ്ഥാനിൽ ഗര്‍ഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിയ സംഭവത്തിൽ ആക്രമിക്കപ്പെട്ട യുവതിക്ക് സഹായം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സർക്കാർ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യുവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. പ്രതാപ് ഗഡ് ജില്ലയിലെ ഗ്രാമത്തിലെത്തി യുവതിയേയും കുടുംബത്തേയും കണ്ട ശേഷമാണ് പ്രഖ്യാപനം. സഹായം അവരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുപത്തൊന്നുകാരിയായ ഗര്‍ഭിണിയെ ഭർത്താവും ഭർതൃബന്ധുക്കളും ചേർന്നു നഗ്നയാക്കി പൊതുവിടത്തിലൂടെ നടത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, യുവതിയുടെ ഭർത്താവ് ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ, കോൺഗ്രസിനെതിരെയുള്ള ആയുധമായി ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ സംഭവം ഏറ്റെടുത്തു.ഭരണപക്ഷം അധികാരത്തർക്കത്തിൽ ലയിച്ചിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ ജെ .പി. നദ്ദ ആരോപിച്ചു. രാജസ്ഥാനിലെ ജനങ്ങൾ സംസ്ഥാന സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും നദ്ദ പറഞ്ഞു.  കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ആറ് സംഘങ്ങള്‍ രൂപീകരിച്ചു. ഡിജിപി ഉമേഷ് മിശ്രയ്ക്കാണ് മേല്‍നോട്ടച്ചുമതല.

More Stories from this section

dental-431-x-127
witywide