അയൽവാസിയുമായി ബന്ധമെന്ന് ആരോപണം; യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദ്ദിച്ച് ന​ഗ്നയാക്കി റോഡിലൂടെ നടത്തി

ജയ്പൂർ: രാജസ്ഥാനിൽ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു. പരസ്യമായി ഇവർ യുവതിയെ മർദ്ദിക്കുകയും ചെയ്തു. രാജസ്ഥാനിലെ പ്രതാപ്ഗ്രാഹ് ജില്ലയിലാണ് സംഭവം. യുവതിയെ നഗ്നയാക്കി നടത്തിക്കുന്നതിന്റെ വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തിങ്കളാഴ്ചയാണ് യുവതിയെ പൊതുജനമധ്യത്തിൽ നഗ്നയാക്കി നടത്തിച്ചത്. കഴിഞ്ഞ വർഷമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അയൽക്കാരനുമായി ഇവർ ഒളിച്ചോടിയെന്ന് ആരോപിച്ചാണ് മർദ്ദിക്കുകയും നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തത്.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. പരിഷ്‍കൃത സമൂഹത്തിൽ ഇത്തരം കുറ്റവാളികൾക്ക് സ്ഥാനമില്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കേസിലെ പ്രതികളെ ഉടൻ പിടികൂടും. ഫാസ്റ്റ്ട്രാക്ക് കോടതിയിൽ അതിവേഗ വിചാരണ നടത്തി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സംസ്ഥാനത്തെ ഒന്നാമതെത്തിച്ചതിനുള്ള ഉത്തരവാദിത്തം കോൺഗ്രസ് സർക്കാറിനാണെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ പറഞ്ഞു.