
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്നു താന്‍ രാജി വയ്ക്കേണ്ട ഒരു കാര്യവും നിലവില്‍ ഇല്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമിയില്‍ തനിക്കെതിരെ ഭരണസമിതി അംഗങ്ങളുടെ സമാന്തര യോഗം നടന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഐഎഫ്എഫ്‌കെയ്ക്കിടെ ഒമ്പത് അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നുവെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്‍, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേര്‍ന്നതെന്നായിരുന്നു വിവരം.
എന്നാല്‍ കുക്കു പരമേശ്വരന്‍, സോഹന്‍ സീനുലാല്‍, സിബി തോമസ് എന്നിവര്‍ തന്നെ വിളിച്ചിരുന്നുവെന്നും നേരിട്ടോ ഓണ്‍ലൈന്‍ ആയോ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അറിയിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്ത. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് അംഗങ്ങളില്‍ ചിലര്‍ സര്‍ക്കാരിന് പരാതി നല്‍കിയത്.
അതേസമയം ‘അക്കാദമി ചെയര്‍മാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല അഭിപ്രായം പറഞ്ഞതെന്നും തന്റെ വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമായിരുന്നു അതെന്നും രഞ്ജിത്ത് പറഞ്ഞു. ‘വീടിന്റെ വാതില്‍ ഞാന്‍ അടയ്ക്കാറില്ല. പത്രക്കാര്‍ വന്നപ്പോള്‍ സൗഹാര്‍ദത്തില്‍ സംസാരിച്ചു. ആ അഭിമുഖത്തില്‍ ശരിയായി വസ്ത്രംപോലും ധരിച്ചിരുന്നില്ല. എന്റെ പഴയകാല സിനിമകളെപ്പറ്റി ചോദ്യമുണ്ടായപ്പോള്‍, ചലച്ചിത്ര മേളയെപ്പറ്റി ചോദിക്കൂവെന്നു പറഞ്ഞിരുന്നു. ഡോ.ബിജുവിനെ കുറിച്ച് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ല’ എന്നും രഞ്ജിത് വ്യക്തമാക്കി.












