
അഹ്മദാബാദ്: ബലാത്സംഗം ആരു ചെയ്താലും അത് ബലാത്സംഗമാണെന്നും ഭർത്താവ് ഭാര്യയോട് ചെയ്താലും മറിച്ചാവുന്നില്ലെന്നും ഗുജറാത്ത് ഹൈക്കോടതി. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവെക്കുന്ന നിശബ്ദത തകര്‍ക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അതിക്രമ സംഭവങ്ങൾ കണക്കുകൾ സൂചിപ്പിക്കുന്നതിനെക്കാൾ കൂടുതലാണെന്ന് ജസ്റ്റിസ് ദിവ്യേഷ് ജോഷി പറഞ്ഞു. എല്ലാം സഹിച്ചുകൊണ്ട് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന ചുറ്റുപാടിൽ തന്നെ കഴിയേണ്ട അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.
പുറകെ നടന്ന് ശല്യപ്പെടുത്തൽ, പൂവാലശല്യം, വാക്കാലുള്ളതും ശാരീരികവുമായ ആക്രമണത്തിന്റെ ഷേഡുകൾ, ശല്യപ്പെടുത്തൽ തുടങ്ങിയ ചില പെരുമാറ്റങ്ങളെ ചെറിയ കുറ്റങ്ങളായി ചിത്രീകരിക്കുന്ന സാമൂഹിക മനോഭാവമാണ് നിലനിൽക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ അവ നിസാരവൽക്കരിക്കുക മാത്രമല്ല, സിനിമ പോലുള്ള ജനപ്രിയ മാധ്യമങ്ങളിൽ ഇത്തരം പ്രവർത്തികൾ കാല്പനികമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും കോടതി നിരീക്ഷിച്ചു.
“ആൺകുട്ടികൾ ആൺകുട്ടിൾ തന്നെയാരിക്കും” എന്ന കാഴ്ചപ്പാടിലൂടെ ലൈംഗിക കുറ്റകൃത്യങ്ങളെ വീക്ഷിക്കുകയും അവയോട് ക്ഷമിക്കുകയും ചെയ്യുന്ന മനോഭാവം, ഭീകരമായൊരു സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അന്യാധീനപ്പെട്ട് പോകാതിരിക്കാനായി സ്വകാര്യനിമിഷങ്ങള്‍ ഭര്‍ത്താവ് അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നെന്ന് ആരോപിച്ച് യുവതി നല്‍കിയ ഹര്‍ജിയിലാണ് ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ഭര്‍ത്താവിന്റെ പിതാവും മാതാവും ഇതിന് കൂട്ടുനില്‍ക്കുന്നെന്നും യുവതി ആരോപിച്ചു.
ഭരണഘടന സ്ത്രീയെ പുരുഷന് തുല്യമായി പരിഗണിക്കുന്നുവെന്നും വിവാഹം തുല്യ ഇടമായാണ് കണക്കാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.