
ഹൈക്കോടതി മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി .ജി മനുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പോലീസ് നടപടി വൈകുന്നതിന് എതിരെ പെണ്‍കുട്ടിയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.
ചോറ്റാനിക്കര പൊലീസ് മനുവിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മരണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും പ്രതിയെ എത്രയും വേഗം ജയിലിലടക്കണമെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫിസിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
പീഡനമടക്കം കുറ്റങ്ങള്‍ ചുമത്തി ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഡ്വ. മനു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ് പോലീസിനോട് വിശദീകരണം തേടിയിരിക്കുകയാണ്. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്‍കാനാവില്ലെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഡിസംബര്‍ 12ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് തന്റെ അന്തസും സല്‍പ്പേരും തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായി യുവതി നല്‍കിയ വ്യാജ പരാതിയാണിത് എന്നാണ് മനു ആരോപിക്കുന്നത്.
2018ല്‍ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസുമായി ബന്ധപ്പെട്ടാണ് മനുവിനെ പരിചയപ്പെടുന്നത്. ആ കേസിലെ തെളിവായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും ചോറ്റാനിക്കര പോലീസ് അറിയാതെ കേസ് ഇത്തരത്തില്‍ വൈകില്ലെന്നും മനു അന്ന് പറഞ്ഞിരുന്നു. കൂടാതെ ചോറ്റാനിക്കര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌നേഹിതരും സഹപാഠികളുമാണെന്നും പറഞ്ഞു. മനുവിനെതിരെയുള്ള മകള്‍ നല്‍കിയ പരാതി ചോറ്റാനിക്കര പോലീസ് തന്നെയാണ് അന്വേഷിക്കുന്നത്. മകളെ ക്രൂരമായി ഉപദ്രവിച്ചിട്ടും പ്രതിക്കെതിരെ നടപടിയില്ല. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ പോലും പരാതിക്കാരിയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ പി ആര്‍ ഏജന്‍സിയെ വെച്ച് പ്രതി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. തന്റെ മകള്‍ ഭയന്ന് വിറച്ചാണ് ജീവിക്കുന്നത്. മജിട്രേട്ടിനു മുന്നില്‍ 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തപ്പോള്‍ പോലും ഭയപ്പെടുകയായായിരുന്നെന്നും പരാതിയില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താലാണ് പോലീസ് മനുവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതുകൊണ്ട് അറസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്ന ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുണ്ട്. പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം തന്നില്‍ നിന്നുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Rape victim’s family lodged a complaint of grievance with the DGP