ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്നു, സൂചന നല്‍കി രാഷ്ട്രപതി ഭവന്റെ ക്ഷണക്കത്ത്

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ടികള്‍ ഇന്ത്യ സഖ്യം രൂപീകരിച്ചതിന് പിന്നാലെ ഇന്ത്യ എന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ക്വിറ്റ് ഇന്ത്യ എന്നൊക്കെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കാനുള്ള നീക്കമാണോ ഇതെന്ന ചര്‍ച്ചകള്‍ അന്നുതന്നെ തുടങ്ങിയിരുന്നു. അസാധാരണമായി യാതൊരു അജണ്ടയും മുന്നോട്ടുവെക്കാതെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത് വലിയ ചര്‍ച്ചയായിരിക്കെയാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്ത് വിവാദമാകുന്നത്.

ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ രാഷ്ട്രതലന്മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. അതിലേക്കുള്ള ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രാഷ്ട്രപതി ഭവന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം നീക്കങ്ങള്‍ ശക്തമാക്കുന്നു ഏന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് പുറത്തുവന്നിരിക്കുന്നത്.

കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം തന്നെ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

“വാർത്ത തീർത്തും ശരിയാണ്. സെപ്തംബർ ഒൻപതിന് നടക്കുന്ന ജി20 അത്താഴവിരുന്നിന്, ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് രാഷ്ട്രപതി ഭവനിൽനിന്ന് ക്ഷണക്കത്ത് നൽകിയത്. ഇനി മുതൽ ഭരണഘടനയിലെ അനുച്ഛേദം ഒന്ന് ഇങ്ങനെ വായിക്കാം: “ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുന്നതാണ്.” സംസ്ഥാനങ്ങളുടെ യൂണിയൻ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്,” ജയറാം രമേശ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.

“ഇന്ത്യ എന്ന ഭാരതം” എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. സെപ്തംബർ 18-23 തീയതികളിൽ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യ എന്നത് “ഭാരത്” എന്നാക്കി മാറ്റാനുള്ള നിർദേശങ്ങൾ ഉയർന്നിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിജെപി രാജ്യസഭാ എം പി നരേഷ് ബൻസാലാണ് ‘ഇന്ത്യ’ എന്നത് ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് കൊളോണിയൽ അടിമത്തത്തിന്റെ പ്രതീകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ആർഎസ്എസ് തലവൻ മോഹൻ ഭഗവതും ഈ മാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യം നൂറ്റാണ്ടുകളായി ഭാരതം എന്നാണ് അറിയപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു “ഇന്ത്യ” എന്നതിന് പകരം “ഭാരത്” എന്ന പദം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

Rashtrapati Bhavan moves to change the name of the country to Bharat instead of India

More Stories from this section

dental-431-x-127
witywide