സീരീയല്‍ നമ്പറില്‍ നക്ഷത്ര (*) ചിഹ്നമുള്ള കറൻസി നോട്ടുകൾക്ക് നിയമപരമായി സാധുതയില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അച്ചടി സമയത്തുണ്ടാകുന്ന കേടുപാടുകള്‍ മൂലം ഒരു നോട്ടിന് പകരമായി പുറത്തിറക്കുന്നവയാണ് ഈ നോട്ടുകളെന്നും, നിയമപരമായി അച്ചടിക്കപ്പെട്ട മറ്റേത് നോട്ടിന്റെയും അത്ര തന്നെ സാധുത ഇവയ്ക്കുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം.
2006 ഓഗസ്ത് വരെ ആർബിഐ പുറത്തിറക്കിയ നോട്ടുകളില്‍ ഇത്തരത്തില്‍ നക്ഷത്ര ചിഹ്നം കാണാം. സീരിയല്‍ നമ്പറില്‍ പ്രഫിക്‌സിനും നമ്പറിനുമിടയിലാണ് നക്ഷത്ര ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നത്. 100 നോട്ടുകളുടെ ഒരു പാക്കറ്റ് അച്ചടിക്കുമ്പോള്‍ അതില്‍ അച്ചടിപിശകുണ്ടാകുന്ന നോട്ടുകള്‍ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളെ തിരിച്ചറിയാനാണ് ഇത്തരത്തില്‍ നക്ഷത്ര ചിഹ്നം നല്‍കുന്നത്. 10,20,50,100,500 നോട്ടുകൾ ഇത്തരത്തിൽ ആർബിഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.