
തിരുവനന്തപുരം: പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കാന്‍ താന്‍ തയ്യാറാണെന്ന് ശശി തരൂർ എംപി. പാർട്ടി നിർദേശം അനുസരിച്ച് ഇപ്പോൾ തൻ്റെ മുന്നിലുള്ളത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖതയില്ലെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടര വർഷം ബാക്കിയുണ്ടല്ലോ. അപ്പോഴത്തെ കേരളത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് തീരുമാനിക്കാം. എന്തായാലും കേരളമാണ് എൻ്റെ കർമഭൂമി.
ഇവിടെയാണ് ശേഷകാലം ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖലയും മുന്നിലില്ല. രാഷ്്ട്രീയത്തിൽ എല്ലാവരും ഒരുനാൾ പുതിയ ആളുകള്‍ക്കായി മാറി കൊടുക്കണം. ചെറുപ്പക്കാർ ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 67 വയസ്സാണ്. ജനസംഖ്യയുടെ 65% പേരും 35 വയസ്സിനു താഴെയുള്ളവരാണ്. അവർക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണം. ശശി തരൂര്‍ പറഞ്ഞു.















