
ന്യൂഡല്‍ഹി: യെമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ തേടി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ തയ്യാറായവരുടെ സത്യവാങ്മൂലം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഇന്ന് കൈമാറും. മോചന ശ്രമങ്ങള്‍ക്കായി യമനിലെത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരുടെയും സത്യവാങ്മൂലം നല്‍കും.
യമനിലേക്കുള്ള യാത്ര അപകടകരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. 2017ല്‍ യെമനില്‍ നടന്ന കൊലപാതകക്കേസില്‍ കേരള നഴ്സ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ശനിയാഴ്ച യൂണിയന്‍ ഓഫ് ഇന്ത്യയുടെ നിലപാട് തേടിയിരുന്നു.
വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമനിലെ കോടതികള്‍ നിരസിച്ചതായും വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്നും വാദത്തിനിടെ അമ്മയുടെയും അഭിഭാഷകന്‍ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ നവംബര്‍ 13ന് യെമനിലെ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ ശരിവെച്ചിരുന്നു.
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.
യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞ തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.















