
വാഷിംഗ്ടണ്‍: ഹൗസ് സ്പീക്കര്‍ നോമിനി സ്ഥാനത്ത് നിന്ന് ജിം ജോര്‍ദാനെ ഒഴിവാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. മൂന്നാം തവണയും ഭൂരിപക്ഷം വോട്ടുകള്‍ നേടാനാകാതെ വന്നതോടെയാണ് ജിം ജോര്‍ദാനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നോമിനിയാക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്തത്. ഈ ആഴ്ചയില്‍ മൂന്ന് തവണ നടന്ന വോട്ടെടുപ്പിലും ജോര്‍ദാന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ഹൗസ് ഫ്‌ലോറില്‍ മൂന്നാം റൗണ്ടില്‍ നടന്ന വോട്ടെടുപ്പിനെ തുടര്‍ന്നാണ് ജോര്‍ദ്ദാനെ പുറത്താക്കാനുള്ള നീക്കം. ഭൂരിപക്ഷം നേടുന്നതിന് 214 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍ ജോര്‍ദാന് 194 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസിന് 210 വോട്ടുകള്‍ ലഭിച്ചു. 427 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ടില്‍ 200 ഉം ബുധനാഴ്ച നടന്ന രണ്ടാം റൗണ്ടില്‍ 199 ഉം വോട്ടുകളാണ് ജോര്‍ദാന് നേടാനായത്.