തുര്‍ക്കിയിലെ ആഴമേറിയ ഗുഹയില്‍ കുടുങ്ങിയ അമേരിക്കന്‍ പര്യവേക്ഷകനെ രക്ഷിക്കാന്‍ ശ്രമം

അങ്കാറ: തുര്‍ക്കിയിലെ മൂന്നാമത്തെ ആഴമേറിയ ഗുഹയില്‍ കുടുങ്ങിയ അമേരിക്കൻ പര്യവേക്ഷകനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്ന് തുര്‍ക്കി കേവിംഗ് ഫെഡറേഷന്‍ . മോര്‍ക്ക താഴ്വരയില്‍ ഒരു ഗവേഷണ സംഘത്തിന്റെ ഭാഗമായിരുന്ന മാര്‍ക്ക് ഡിക്കിയെ രക്ഷിക്കാന്‍ 150 ഓളം രക്ഷാപ്രവര്‍ത്തകര്‍ സങ്കീര്‍ണ്ണമായ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കേവിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

”1,276 മീറ്റര്‍ (4,186 അടി) ആഴമുള്ള തുര്‍ക്കിയിലെ മൂന്നാമത്തെ ആഴമേറിയ ഗുഹയായ മോര്‍ക്ക സിങ്ഹോളില്‍, പ്രാദേശിക, അന്തര്‍ദേശീയ ടീമുകള്‍ ഉള്‍പ്പെട്ട ഒരു പര്യവേക്ഷണ ദൗത്യത്തിനിടെ, അമേരിക്കക്കാരനായ മാര്‍ക്ക് ഡിക്കി 1,120 മീറ്റര്‍ (3,675 അടി) താഴ്ചയില്‍ കുടുങ്ങിപ്പോയി. 1,040 മീറ്റര്‍ (3,412 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹാ ബേസ് ക്യാമ്പില്‍ നിരീക്ഷണത്തിലായിരുന്നു,” തുര്‍ക്കി കേവിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി.

ഗുഹ ആഴമേറിയതും ഇടുങ്ങിയതുമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസങ്ങളെടുക്കുമെന്ന് ഫെഡറേഷന്‍ തലവന്‍ ബുലന്റ് ജെന്‍ക് പറഞ്ഞു. ഡിക്കിയെ സ്‌ട്രെച്ചറില്‍ കയറ്റാനാവും ശ്രമിക്കുക. ഹംഗറി, ഇറ്റലി, ക്രൊയേഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കേവിംഗ് രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്.

ഡിക്കിക്ക് ദഹനനാളത്തില്‍ രക്തസ്രാവമുണ്ടായതായി ഹംഗേറിയന്‍ കേവ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ആറ് യൂണിറ്റ് രക്തം അദ്ദേഹത്തിന് എത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു. പ്രവേശന കവാടത്തില്‍ നിന്ന് 1,040 മീറ്റര്‍ അകലെയുള്ള ക്യാമ്പ് സൈറ്റിലാണ് മാര്‍ക്കിനെ താമസിപ്പിച്ചിരിക്കുന്നത്.