‘എല്ലാ മതങ്ങളെയും ബഹുമാനിക്കണം’; സനാതനധർമ്മ വിവാദത്തിൽ ഉദയനിധിയെ തള്ളി മമത ബാനർജി

കൊൽക്കത്ത: സനാതന ധര്‍മത്തിനെതിരേ ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉദയനിധി ജൂനിയര്‍ ആണെന്നും അദ്ദേഹം എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് തനിക്ക് വ്യക്തതയില്ലെന്നും മമത പറഞ്ഞു.

എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം. ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. തമിഴ്‌നാട്ടിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാ മതങ്ങള്‍ക്കും അവരുടെതായ വൈകാരികതലം ഉണ്ടാകും. അതിനെയെല്ലാം ബഹുമാനിക്കണമെന്നാണ് തന്റെ എളിയ അഭ്യര്‍ഥനയെന്നും മമത പറഞ്ഞു.

“സനാതന ധര്‍മത്തെ ഞാന്‍ ബഹുമാനിക്കുന്നു. വേദങ്ങളില്‍നിന്നാണ് നമ്മള്‍ പഠിക്കുന്നത്. നമുക്ക് നിരവധി പുരോഹിതന്‍മാരുണ്ട്, അവര്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങളുണ്ട്. നമ്മള്‍ ക്ഷേത്രവും മസ്ജിദുകളും പള്ളികളും സന്ദര്‍ശിക്കുന്നു,” ഇന്ത്യയുടെ മതേതരത്വത്തേയും നാനാത്വത്തില്‍ ഏകത്വത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ട് മമത പറഞ്ഞു.

ഉദയനിധിയുടെ പരാമര്‍ശത്തെ അപലപിക്കുന്നതായും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശത്തെ തള്ളി മമതയും രംഗത്തെത്തിയത്.

More Stories from this section

dental-431-x-127
witywide