
തെലങ്കാനയുടെ പിതാവ് കെസിആറിനെ കടപുഴക്കിയ ആ 54 കാരൻ ആരാണ്? അയാളാണ് അനുമൂല രേവന്ത് റെഡ്ഢി. തെലങ്കാനയിലെ മാൻ ഓഫ് ദ് മാച്ച്
ഈ പ്രാദേശിക നേതാവാണ് തെലങ്കാനയിലെ കോൺഗ്രസിൻ്റെ വിജയശിൽപി. രേവന്ത് റെഡ്ഢി തന്നെയായിരിക്കും തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി എന്നു വേണം കരുതാൻ. ബിആർഎസിനെ ഇല്ലാതാക്കിയ ഫയർബ്രാൻഡ് നേതാവ്. കോൺഗ്രസ് ഭരണം പിടിക്കുക എന്ന ഉദ്ദേശത്തിൽ മാത്രമല്ല ഇത്തവണ മത്സരിച്ചത് . കെ സി ആറിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തന്നെ തോൽപ്പിക്കുക എന്ന വളരെ പ്രധാനപ്പെട്ട ദൗത്യമാണ് കോൺഗ്രസ് രേവന്ത് റെഡ്ഢിയെ ഏൽപ്പിച്ചത്.
എബിവിപിയിൽ രാഷ്ട്രീയം തുടങ്ങി,ടിആർഎസിൽ എത്തി, തെലുങ്ക് നാട്ടിലെ കോൺഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ നേതാവാണ് രേവന്ത് റെഡ്ഡി. ആന്ധ്രാ വിഭജനത്തോടെ ഇല്ലാതായിപ്പോയ കോൺഗ്രസിന് വലിയ തിരിച്ചുവരവാണ് തെലങ്കാനയിൽ സാധ്യമായിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അസാമാന്യമായ ആത്മവിശ്വാസമാണ് കോൺഗ്രസ് തെലങ്കാനയിൽ കാണിച്ചത് . തെലങ്കാന സംസ്ഥാന രൂപീകരണം മുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കെ സി ആർ എന്ന അതികായനെ തോൽപ്പിക്കുക എന്നതായിരുന്നു അത്. 2009ലും 2013ലും കോടങ്കലിൽ നിന്ന് ടി ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ച് സംസ്ഥാന അസംബ്ലിയിലെത്തിയ രേവന്ത് റെഡ്ഢി നിലവിൽ കോൺഗ്രസിന്റെ പാർലമെന്റ് അംഗമാണ്.
2017ലാണ് രേവന്ത് റെഡ്ഡി ടിഡിപിയിൽനിന്ന് കോൺഗ്രസിലെത്തുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ രേവന്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തി. കോൺഗ്രസിൽനിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നെങ്കിലും പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു. രാഷ്ട്രീയ ശത്രുക്കളോട് കടുത്ത ഭാഷയിൽ തന്നെ മറുപടി പറഞ്ഞു. അങ്ങനെ തകർന്നുപോയെന്ന് എല്ലവരും വിധിയെഴുതിയ കോൺഗ്രസിനെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കുന്ന ആരെയും അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു രേവന്ത് തെലങ്കാനയിൽ നടത്തിയത്.
കോൺഗ്രസിലെത്തിയ രേവന്ത് 2018ൽ കൊടങ്കലിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഏറ്റവുമൊടുവിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് മൽക്കാജ്ഗിരി ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2021 പകുതിയിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രേവന്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയാണ് രേവന്തിനെ കോൺഗ്രസ് ഹൈക്കമാൻഡ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. അതിനെതിരെ ഉത്തം കുമാർ റെഡ്ഢിയെ പോലുള്ളവർ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ഉൾപ്പെടെയുള്ളവരുടെ പിന്തുണ രേവന്തിനുണ്ടായിരുന്നു.
പണം കൊടുത്ത വോട്ട് വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ വ്യക്തി കോൺഗ്രസ് നേതൃത്വത്തെയും വിലക്കെടുത്തുവെന്ന തരത്തിൽ നിരവധി കഥകൾ ഇക്കാലത്ത് പ്രചരിച്ചിരുന്നു. പക്ഷേ അതിനെയൊക്കെ അവഗണിച്ചാണ് രേവന്ത് തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. .
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗങ്ങൾ ഒന്നടങ്കം കോൺഗ്രസിനൊപ്പം നിന്നിരുന്നു. ഇതിനു സമാനമായി തെലങ്കാനയിലെ മുസ്ലിം വിഭാഗം കൂടെ നിൽക്കുന്നത് പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. തെലങ്കാനയിലെ ജനസംഖ്യയുടെ 50 ലക്ഷത്തിലധികം മുസ്ലിങ്ങളാണ്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും മുസ്ലിം വോട്ടർമാരുടെ എണ്ണം 40 ലക്ഷത്തോളം വരും.
Revanth Reddy is the firebrand leader who led congress inTelangana