കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്റെ കോതമംഗലം കടവൂരിലെ കുടുംബ വീട്ടിൽ സർവേ നടത്താൻ റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതിനായി സൗകര്യമൊരുക്കാൻ നോട്ടീസ് നൽകി. വിജിലൻസിന്റെ ആവശ്യപ്രകാരമാണ് നോട്ടീസ് നൽകിയത്.
സിപിഎം നേതാക്കൾ കുഴൽനാടന്റെ ചിന്നക്കനാലിലുള്ള റിസോർട്ട് രാഷ്ട്രീയ വിഷയമാക്കുന്ന സാഹചര്യത്തിനിടെയാണ് റവന്യൂ വകുപ്പ് സർവേയ്ക്ക് ഉത്തരവിട്ടത്. വെള്ളിയാഴ് രാവിലെ 11 നാണ് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മാത്യൂ കുഴൽനാടൻ ചിന്നക്കനാലില്‍ ഭൂമി വാങ്ങിയത് യഥാര്‍ഥവിലയെക്കാള്‍ കുറച്ച് വില കാട്ടിയാണെന്നും എംഎല്‍എയുടെ വരുമാന സ്രോതസ്സ് വ്യക്തമല്ലെന്നുമാണ് സിപിഎം ആരോപണം.
എന്നാല്‍ തന്റെ പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ പുറത്തുവിടാന്‍ തയാറാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിടാന്‍ തയാറാണോ എന്നും കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചു. സിപിഎം അന്വേഷണക്കമ്മിഷനെ വച്ചാല്‍ കമ്പനിയുടെ ഇടപാടുകളും കമ്പനിയില്‍ ജോലി ചെയ്തവരുടെ വിവരങ്ങളും കൈമാറാം. ചിന്നക്കനാലിലെ ഭൂമിക്ക് സര്‍ക്കാര്‍ ന്യായവിലയെക്കാള്‍ 6 ലക്ഷം അധികം നികുതി നല്‍കിയതാണ്. സിപിഎം ആരോപണം ഗുരുതരമാണ്. അതില്‍നിന്ന് ഞാന്‍ ഒളിച്ചോടില്ല. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില അറിയാത്തതിനാലാണ് സിപിഎം ആരോപണം ഉന്നയിക്കുന്നത് – മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.