ദേശീയോദ്ഗ്രഥനം മുതൽ മേപ്പടിയാൻ വരെ; ചലച്ചിത്ര പുരസ്കാരത്തിലെ വലത് പ്രൊപ്പഗണ്ട

നാഷണൽ ഇന്റഗ്രിറ്റി, അതായത് ദേശീയോദ്ഗ്രഥനം. നാനാത്വത്തിൽ ഏകത്വം എന്ന് വിശ്വസിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ദേശീയോദ്ഗ്രഥനത്തിന് പല മാർഗങ്ങളുണ്ട്. അതിൽ ആദ്യത്തേത് ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിക്കുന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ്. മറ്റൊന്ന് ഇടിച്ചു നിരത്തലിന്റെയും അടിച്ചേൽപ്പിക്കലിന്റെയും വഴിയാണ്. മാനവികതയ്ക്ക് മേൽ ബുൾഡോസറുകൾ കയറ്റിയിറക്കുക. ഞാൻ പറയുന്നത് മാത്രമാണ് സത്യമെന്നും അതിന് വഴങ്ങുന്നതിലൂടെ മാത്രമേ മുന്നോട്ടുള്ള യാത്ര സാധ്യമാകൂവെന്നും വിശ്വസിപ്പിക്കൽ. ഈ ധാരണ പ്രചരിപ്പിക്കാനും വിശ്വസിപ്പിക്കാനും ഏറ്റവും നല്ല ആയുധം കലയാണ്, പ്രത്യേകിച്ച് സിനിമ.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തോളം പഴക്കമുണ്ട് അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക്. എന്നാൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ പോലൊരു പ്രൊപ്പഗണ്ട ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തിന്റെ പേരിൽ പുരസ്കാരം നൽകുമ്പോൾ ഉയരുന്ന വിയോജിപ്പുകളെ വിവാദങ്ങളായി തള്ളിക്കളയരുത്. ബിജെപി നേതാക്കളുടെ പ്രശംസ ആവോളം ലഭിച്ച, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതിയിളവോടെ പ്രദർശിപ്പിക്കപ്പെട്ട ചിത്രം വിദ്വേഷം പരത്തുന്നു എന്ന വിമർശനത്തിന് വിധേയമായപ്പോൾ പ്രതിരോധമായി എത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു.

സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടന ഉറപ്പുതരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കീഴിൽ ‘ദി കശ്മീർ ഫയൽസ്’ എന്ന പേരിൽ അങ്ങേയറ്റം വെറുപ്പും വിദ്വേഷവും പേറുന്ന ഒരു സിനിമ സംവിധാനം ചെയ്യാൻ ‘ഫാക്ട്സ് ഡോണ്ട് മാറ്റർ’ എന്ന് കരുതുന്ന വിവേക് അഗ്നിഹോത്രിക്ക് കഴിയും. ഒരു തിരഞ്ഞെടുപ്പ് വിജയം എല്ലാ ഭരണ പരാജയങ്ങളെയും കഴുകിക്കളയുന്നില്ല എന്നതു പോലെ, ഒരു സിനിമയുടെ ബോക്സ് ഓഫീസ് വിജയം സിനിമയിൽ കുത്തിനിറച്ച മതാന്ധതയെയും അപരവത്കരണത്തെയും ന്യായീകരിക്കുന്നില്ല.

മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന, ആ സമുദായത്തിലെ ഒരു മനുഷ്യനെ പോലും നല്ലതെന്ന് ചിത്രീകരിക്കാത്ത ഒരു സിനിമയ്ക്ക് അതേസമുദായത്തിൽ നിന്നുള്ള നർഗീസ് ദത്ത് എന്ന കലാകാരിയുടെ പേരിൽ ദേശീയോദ്ഗ്രഥനത്തിന് പുരസ്കാരം നൽകിക്കൊണ്ട്, സർക്കാർ തങ്ങളുടെ പല തലവേദനകളെ ന്യായീകരിച്ച ഒരു സംവിധായകന് പരോപകാരം ചെയ്തിരിക്കുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പാലായന കഥയെ മുഖ്യധാരയിൽ ചിത്രീകരിച്ചു എന്നാണ് ചിത്രത്തെ ന്യായീകരിക്കുന്നവരുടെ വാദം. കശ്മീരികളുടെ കഷ്ടപ്പാടുകളുടെ കഥകളിൽ പണ്ഡിറ്റ് സമൂഹം നേരിട്ട ഭീകരതയുടെ കഥ അവഗണിക്കപ്പെട്ടതിനാൽ  സാഹോദര്യത്തെയും സമത്വത്തെയും മുൻനിർത്തിയുള്ള “ഉദ്ഗ്രഥനം” അസാധ്യമാണെന്ന് തോന്നിയിരിക്കാം.

ഒരു ദുരന്തത്തിന്റെ, ദുരിതത്തിന്റെ, ആഘാതത്തിന്റെ കഥ പറയുക എന്നതു പോലെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. കശ്മീരുകളിലെ മുസ്ലീങ്ങൾക്കും പണ്ഡിറ്റുകൾക്കും ഒന്നിച്ചിരിക്കാൻ ഇടമൊരുക്കാത്ത കശ്മീർ ഫയൽസ് എന്ത് ദേശീയോദ്ഗ്രഥനമാണ് നടത്തുന്നത് എന്ന് ആവർത്തിച്ച് ചോദിക്കണം, മറുപടിയുണ്ടാകില്ലെങ്കിലും. ഭരണഘടനയുടെ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ തെരുവുകളിൽ ഒന്നിച്ചപ്പോൾ ഉയർത്തിയ ആസാദിക്കും കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയ്ക്ക് ശേഷം വിഘടനവാദികൾ ഉയർത്തിയ ആസാദിക്കും ഒരേ അർഥമാണ് എന്ന് പറഞ്ഞുവയ്ക്കുന്ന ചിത്രം എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിന് ഇടമൊരുക്കുന്നത് എന്ന് ചോദിച്ചുകൊണ്ടിരിക്കണം.

ജാതിവ്യവസ്ഥയ്ക്കെതിരെ സംസാരിച്ച ജയ്ഭീമും, കർണനും പോലുള്ള തമിഴ് ചിത്രങ്ങളെ നിഷ്കരുണം അവഗണിച്ച് ഉണ്ണി മുകുന്ദന്റെ മേപ്പടിയാനും, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസിനും മാധവന്റെ റോക്കറ്റ്റി: ദി നമ്പി ഇഫക്ടിസിനും നൽകിയ ദേശീയ പുരസ്കാരം ഈ ദേശത്തിന്റെയല്ല, ബിജെപിയുടെയാണെന്ന് പറഞ്ഞേ ഒക്കൂ.

More Stories from this section

dental-431-x-127
witywide