ഭാര്യയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണത്തിൽ ഋഷി സുനക് നിയമം ലംഘിച്ചു: യുകെ പാർലമെന്റ്

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ഒരു ശിശുസംരക്ഷണ സംരംഭത്തിലുള്ള സാമ്പത്തിക താൽപര്യം സംബന്ധിച്ച അന്വേഷണവിവരം അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് പുറത്തുവിട്ടതിന് പാർലമെന്ററി സമിതി അദ്ദേഹത്തെ ശാസിച്ചു. പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് വിലയിരുത്തിയ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി ഓൺ സ്റ്റാൻഡേർഡ്സ് നടപടിയൊന്നും ശുപാർശ ചെയ്യുന്നില്ലെന്നും അറിയിച്ചു.

കോറു കിഡ്സ് എന്ന സ്ഥാപനത്തിൽ അക്ഷതയ്ക്കുള്ള സാമ്പത്തിക താൽപര്യം സുനക് മറച്ചുവച്ചതുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ജോലിക്കാർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കായി ബന്ധപ്പെടേണ്ട 6 ഏജൻസികളിൽ ഒന്നാണ് കോറു കിഡ്സ്.

“രഹസ്യാത്മകതാ ലംഘനം അശ്രദ്ധമാണെന്നും സുനക് ഇത് അംഗീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റി മനസിലാക്കുന്നു. അതിനാൽ ഒരു ശിക്ഷാനടപടിയും കമ്മിറ്റി ശുപാർശ ചെയ്യുന്നില്ല,” കമ്മിറ്റി പറഞ്ഞു.

“ഇത് നിയമാവലിയുടെ ചെറുതും അശ്രദ്ധവുമായ ലംഘനമാണ്. പാർലമെന്ററി കമ്മീഷണർ ഫോർ സ്റ്റാൻഡേർഡ്‌സിന്റെ അനുമതിയില്ലാതെ, അന്വേഷണത്തിലുള്ള കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് സുനകിന്റെ ഉദ്യോഗസ്ഥർ ഒരു പ്രസ്താവനയും പുറപ്പെടുവിക്കാൻ പാടില്ലായിരുന്നു. ഇതിന് യാതൊരു സ്വാധീനവുമില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. എന്നിരുന്നാലും, ഇത് സംഭവിക്കാൻ പാടില്ലാത്ത ഒരു ലംഘനമാണ്,” കമ്മിറ്റി പറഞ്ഞു.