ബെംഗളൂരു: ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ. എക്സ് പ്ലാറ്റ്ഫോമിലിട്ട പോസ്റ്റിലൂടെയാണ് ശാസ്ത്രജ്ഞനായ ആശിഷ് ലാംബയുടെ അനുഭവം പുറംലോകമറിഞ്ഞത്. ആശിഷിന്റെ കാറിന്റെ ഡാഷ്ബോർഡിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളും പോസ്റ്റിൽ പങ്കുവച്ചിരുന്നു.
ഹെൽമറ്റ് പോലും ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് പൊടുന്നനെ താൻ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കയറുകയും കൂട്ടിയിടിക്കാതിരിക്കാൻ ബ്രേക്കിൽ ചവിട്ടുകയും ചെയ്തെന്നാണ് എക്സിലെ കുറിപ്പിൽ പറയുന്നത്. ഓഗസ്റ്റ് 29നാണ് സംഭവം നടക്കുന്നത്. കെഎ 03 കെഎം 8826 എന്ന വാഹനത്തിന്റെ നമ്പറും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ആശിഷിന്റെ വാഹനം ബ്രേക്ക് ഇട്ടതിനു പിന്നാലെ സ്കൂട്ടർ യാത്രികൻ അരിശത്തോടെ ഇറങ്ങിവന്ന് ചീത്തവിളിക്കുന്നതും ദേഷ്യത്തിൽ കാറിന്റെ ടയറുകളിൽ ചവിട്ടുന്നതും വിഡിയോയിലുണ്ട്. അതേസമയം, വിഡിയോ കണ്ടുവെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കുമെന്നും ബെംഗളൂരു പൊലീസ് എക്സിലൂടെ ആശിഷിന് മറുപടി അയച്ചിട്ടുണ്ട്.