
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടന്ന കണ്വെന്ഷന് സെന്ററില്‍ യഹോവസാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളിലൊരാളുടെ വീട്ടില്‍ വന്‍ മോഷണം. 27 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു. അന്വേഷണത്തില്‍ പ്രതി പിടിയിലായി. പച്ചാളം സ്വദേശിനി തങ്കം ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. എളംകുളം ബോസ്നഗര് പറയന്തറ ജോര്‍ജ് പ്രിന്‍സ് എന്ന 36കാരനാണ് അറസ്റ്റിലായത്. മുന്‍ വൈരാഗ്യം മൂലമാണ് പ്രതി മോഷമം നടത്തിയതെന്നാണ് വിവരം.
തങ്കം ജോണ്‍ കളമശ്ശേരിയില്‍ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. 29ന് രാവിലെ 8.30ഓടെയാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണം സൂക്ഷിച്ചിരുന്നത്. അടുക്കള വാതില്‍ പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. കളമശ്ശേരിയില്‍ സ്ഫോടനമുണ്ടായതോടെ തങ്കം ജോണ്‍ പെട്ടന്ന് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഈ സമയത്താണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.
തങ്കം ജോണിന്റെ വീടുമായി ഏറെ അടുപ്പമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുള്ള കാര്യം പ്രിന്‍സിന് അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കളമശ്ശേരിയില്‍ രാവിലെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാ യോഗം വൈകുന്നേരം വരെ ഉണ്ടാകുമെന്ന് ബോധ്യമുള്ളതിനാലാണ് പ്രതി ആ സമയത്ത് മോഷണം നടത്തിയത്.