
വാഷിങ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ രംഗത്ത്. യുഎസ് മുന്‍ പ്രസിഡൻ്റ് ജോണ്‍ ഏഫ്. കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ട് എഫ്. കെന്നഡിയുടെ പുത്രനാണ് ഇദ്ദേഹം. പ്രമുഖ പരിസ്ഥിതി അഭിഭാഷകനാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാകാനുള്ള ശ്രമം വേണ്ടെന്ന് വച്ചാണ് സ്വതന്ത്രനായി മല്‍സരിക്കുന്നത്. യുഎസിലെ വിഭാഗീയ രാഷ്ട്രീയത്തില്‍ മടുപ്പു തോന്നുന്നവര്‍ക്ക് മാറി ചിന്തിക്കാന്‍ നല്ല ഒരു അവസരമാണ് താന്‍ ഒരുക്കുന്നത് എന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ആര്‍എഫ്കെ ജൂനിയര്‍ പറഞ്ഞു.
അഭിപ്രായ സര്‍വേ അനുസരിച്ച് ഇദ്ദേഹത്തിന് യുഎസിലെ ഏഴില്‍ ഒരാളുടെ വോട്ട് ലഭിക്കും. ഇപ്പോഴത്തെ പ്രസിഡൻറ് ജോ ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയുമാകുമെന്ന് കരുതപ്പെടുന്നു. കെന്നഡിയുടെ സ്ഥാനാര്‍ഥിത്തം തിരഞ്ഞെടുപ്പിനെ കൂടുതല്‍ ആവേശഭരിതമാക്കുമെന്നാണ് കണക്കുകൂട്ടല്‍ .
എന്നാല്‍ റോബര്‍ട്ടിൻ്റെ നിലപാടിനോട് കെന്നഡി കുടുംബം യോജിക്കുന്നില്ല. ഇദ്ദേഹത്തിൻ്റെ സഹോദരങ്ങളായ കെറി, റോറി, ജോസഫ് എന്നിവര്‍ റോബര്‍ട്ടിന് ഒപ്പമില്ല എന്ന് അറിയിച്ചു. പിതാവിൻ്റെ പേര് ലഭിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിൻ്റെ രാഷ്ട്രീയമോ നിലപാടുകളോ അല്ല സഹോദരന് ഉള്ളത് എന്ന് അവര്‍ പറയുന്നു.
Robert F Kennedy jr. announces independent run for US president election