
ന്യൂഡല്‍ഹി: ഒപ്പിടാതെ തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സുപ്രീം കോടതി.
ബില്ലുകള്‍ ഗവര്‍ണര്‍ അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുക മാത്രമാണ് ഗവര്‍ണറുടെ മുന്നിലുള്ള വഴിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 200ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. നിയമസഭ വീണ്ടും പാസാക്കിയ പത്തു ബില്ലുകള്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി രാഷ്ട്രപതിക്കു സമര്‍പ്പിച്ചതായി സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി അറിയിച്ചിരുന്നു. ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച സിങ്വി നിയമ നിര്‍മാണ പ്രക്രിയയെ ഗവര്‍ണര്‍ ആര്‍എന്‍ രവി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു.
രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ എങ്ങനെ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോട് കോടതി ആരാഞ്ഞു. ചില ശുപാര്‍ശകളോടെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ തിരിച്ചയച്ചതെന്നും എന്നാല്‍ നിയസഭ അവ പരിഗണിച്ചില്ലെന്നും എജി മറുപടി നല്‍കി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ പത്ത് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.
രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളില്‍ ഗവര്‍ണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഉന്നത ഭരണഘടനാ പദവികള്‍ ഉള്‍പ്പെട്ട കേസാണിതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ തന്നെ മുന്‍കൈയെടുത്ത് ഈ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കട്ടെയെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ബെഞ്ച് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല. 11ന് കേസ് വീണ്ടും പരിഗണിക്കും.











