
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര ദിനത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാജകുടുംബ പ്രതിനിധികള്‍. ചടങ്ങിനോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തിലായ തീരുമാനത്തിലാണ് തീരുമാനം. നോട്ടീസിന് പിന്നാലെ കുടുംബാംഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും പ്രചാരണങ്ങളും ഉണ്ടായെന്നും അതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു.
നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങളടങ്ങിയ പോസ്റ്റര്‍ വന്‍ വിവാദത്തിലായിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമര്‍ശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തെ വാനോളം പ്രകീര്‍ത്തിക്കുന്ന പോസ്റ്ററില്‍ ഗൗരി പാര്‍വതിഭായിയെ ഹിസ് ഹൈനസ് എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ഭദ്രദീപം തെളിക്കും എന്നാണ് എഴുതിയിരുന്നത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
പരിപാടി വിവാദമായ സാഹചര്യത്തിലാണ് രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. ബോധപൂര്‍വ്വം അവഹേളിക്കാന്‍ അവസരമുണ്ടാക്കിയ സാഹചര്യത്തില്‍ പ്രതിഷധസൂചകമായി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങില്‍ ഭദ്രദീപം തെളിയിക്കാന്‍ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി എന്നിവരെയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ പുഷ്പാര്‍ച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.
അതേസമയം വിവാദമായ സാഹചര്യത്തില്‍ നോട്ടീസ് ദേവസ്വംബോര്‍ഡ് പിന്‍വലിച്ചിരുന്നു. പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. ജാതിക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിതെന്നും എന്നിട്ടും ചിലതൊക്കെ അവശേഷിച്ചു കിടക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയാന്‍ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.










