
കേരള സർക്കാർ പുലിവാല് പിടിക്കുന്നത് രണ്ടു കാര്യങ്ങളുണ്ട്.. ഒന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി, രണ്ട് ഭരണപക്ഷത്തുള്ളവരുടെ ധൂർത്ത്.. മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്ത്, നീന്തൽക്കുളം, ലിഫ്ട് തുടങ്ങിയ ധൂർത്ത് വിവാദ സീരിസിലേക്ക് പുതിയ കഥാപാത്രം കൂടിയെത്തുകയാണ് .. അതൊരു ബസാണ്. നവകേരള ബസ്.
നവകേരള സദസിനു വേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മണ്ഡല പര്യടനം നടത്താന്‍ ഒരു കോടി ചെലവഴിച്ച് ഭാരത് ബെന്‍സിന്റെ പുത്തന്‍ ബസാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ബസിനായി 1,05,20000 രൂപയാണ് അനുവദിച്ചത്. ഇത്രയും കാശു മുടക്കി സര്‍ക്കാര്‍ വാങ്ങുന്ന സ്‌പെഷല്‍ ബസിന്റെ പ്രത്യേകതകള്‍ എന്തൊക്കെയായിരിക്കും?
ആഡംബര സൗകര്യങ്ങളുള്ള ബസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക കാബിന്‍ ഉണ്ടാകും. അടിയന്തര യോഗം ചേരാനും അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി റൌണ്ട് ടേബിള്‍ മുറിയുണ്ടാകും. മുഖ്യമന്ത്രിക്കും മറ്റ് യാത്രക്കാര്‍ക്കും ലഘുഭക്ഷണവും മറ്റും തയാറാക്കാന്‍ മിനി കിച്ചണ്‍, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശുചിമുറി എന്നിവയാണ് ബസില്‍ ഒരുക്കിയിട്ടുള്ളത്.
സ്വിഫ്റ്റിലെ ജീവനക്കാരുടെ ഡപ്പോസിറ്റ് തുക ഉപയോഗിച്ച് വാങ്ങിയ സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തി ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പുതിയ ബസാക്കാമെന്ന് പിന്നീട് തീരുമാനം മാറ്റി. എംഎല്‍എമാരുടെയും മണ്ഡലത്തിലെ പൗരപ്രമുഖരുടെയും യാത്ര ഹൈബ്രിഡ് ലായിരിക്കുമെന്നാണ് സൂചന.
43 ലക്ഷം രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ഷാസി വാങ്ങിയത്. പിന്നീട് കര്‍ണാടകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചാണ് ബോഡി നിര്‍മിച്ചത്. ബസ് ഇപ്പോള്‍ എവിടെയാണെന്ന കാര്യം രഹസ്യം. 18 ന് തുടങ്ങുന്ന യാത്രയില്‍ സര്‍പ്രൈസായി ബസ് എത്തിക്കാനാണ് ആലോചന. പര്യടന ശേഷം ബസ് കെഎസ്ആര്‍ടിസിക്ക് നല്‍കും. ദീര്‍ഘ ദൂര പ്രത്യേക സര്‍വീസുകള്‍ക്കായി ഈ ബസ് വാടകയ്ക്ക് നല്‍കാനാണ് ആലോചന.
സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാര്‍ കേരള പര്യടനത്തിന് ഒരുങ്ങുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി, സര്‍ക്കാര്‍ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും
Rs. 1.05 crore Luxury bus ready for use of CM and ministers during Navakerala sadas














