ദാവൂദ് ഇബ്രാഹിമിന് അജ്ഞാതർ വിഷം നൽകിയെന്ന് വാർത്ത: കറാച്ചിയിലെ ആശുപത്രിയില്‍ കനത്ത സുരക്ഷയില്‍ ചികിത്സ

കറാച്ചി : കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്താന്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകള്‍. ദാവൂദിന് അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.

ദാവൂദ് ആശുപത്രിയിലായത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ദാവൂദിന്റെ ആരോഗ്യനില മോശമായതിന് കാരണം വിഷം ശരീരത്തിലെത്തിയതാകാമെന്നാണ് അഭ്യൂഹങ്ങള്‍.

ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളില്‍ കര്‍ശന സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്, ദാവൂദിനെ പ്രവേശിപ്പിച്ച നിലയിലുള്ള ഒരേയൊരു രോഗി ദാവൂദ് മാത്രമാണ്. ആശുപത്രിയിലെ ഉന്നത അധികാരികള്‍ക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ.

അധോലോക നായകന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളായ അലിഷാ പാര്‍ക്കര്‍, സാജിദ് വാഗ്ലെ എന്നിവരില്‍ നിന്ന് കണ്ടെത്താന്‍ മുംബൈ പോലീസ് ശ്രമിക്കുന്നതായി വിവരമുണ്ട്.

ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകന്‍ ജനുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് അധോലോക നായകന്‍ രണ്ടാം വിവാഹം കഴിച്ചതിന് ശേഷം കറാച്ചിയില്‍ തങ്ങുന്നതായി പറഞ്ഞിരുന്നു.

ദാവൂദ് ഇബ്രാഹിമിനെതിരായ കുറ്റപത്രത്തില്‍ ദാവൂദും ഉന്നത സഹായികളും പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളം നിയന്ത്രിക്കുന്നതായി എന്‍ഐഎ പറയുന്നു.

More Stories from this section

family-dental
witywide