
വാഷിങ്ടൻ: ഇസ്രയേൽ–ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള മാർഗം തേടി ബുധനാഴ്ച ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ നടന്ന ചർച്ച വിഫലം. ഗാസയിൽ പൂർണമായ വെടിനിർത്തലല്ല സഹായമെത്തിക്കുകയാണ് വേണ്ടതെന്ന അമേരിക്കൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. എത്രയും പെട്ടന്ന് ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന റഷ്യയുടെ പ്രമേയത്തെ എതിർത്ത് അമേരിക്കയും യു കെയും മറ്റ് ഒൻപത് രാജ്യങ്ങളും വോട്ട് ചെയ്തു. ഒക്ടോബർ 7നു തുടങ്ങിയ യുദ്ധത്തിനു ശേഷം നാലാം തവണയാണ് സമവായമില്ലാതെ പിരിയുന്നത്.
സുരക്ഷാ സമിതിയിൽ തീരുമാനമാകാത്തതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി വിഷയം പരിഗണിക്കും. ‘ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നം അവസാനിച്ചാൽ ഉടനെ നമ്മൾ ആലോചിക്കേണ്ടത് അടുത്തത് എന്താണെന്നാണ്. ഇസ്രയേലികൾക്കും പലസ്തീനികൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. രണ്ടു രാജ്യങ്ങൾ മാത്രമാണ് പരിഹാരമെന്നും അത് നടപ്പാക്കാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാകണമെന്നും’ ബൈഡൻ ആവശ്യപ്പെട്ടു.
അതേസമയം, തടവിലുള്ള ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഹമാസിനോട് ആവശ്യപ്പെട്ടു. ഇവരെ തടവിലാക്കിയിട്ട് ഇരുപതു ദിവസത്തോളമായ സാഹചര്യത്തിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയക്കണമെന്നാണ് ആവശ്യം.
Russia and China vetoed US resolution in UN