
മോസ്കോ: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച റഷ്യൻ മാധ്യമപ്രവർത്തക മറീന ഒവ്സ്യാനിക്കോവക്ക് എട്ടു വർഷം ജയിൽ ശിക്ഷ. ‘യുദ്ധം നിർത്തുക’, ‘അവർ നിങ്ങളോട് കള്ളം പറയുകയാണ്’ എന്നെഴുതിയ പ്ലക്കാർഡുമായാണ് സർക്കാർ ടിവിചാനലായ ‘ചാനൽ വണ്ണി’ലെ ന്യൂസ് എഡിറ്ററായ മറീന, അവതാരക വാർത്ത വായിക്കുന്നതിനിടെ പ്രതിഷേധം അറിയിച്ചത്.

“റഷ്യൻ സായുധ സേനയെക്കുറിച്ച് അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന്” ഒവ്സിയാനിക്കോവ കുറ്റക്കാരനാണെന്ന് കോടതി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
വീട്ടുതടങ്കലിൽ ആയിരുന്ന 45കാരിയായ മറീന ഇവിടെ നിന്ന് രക്ഷപ്പെട്ട് ഒരു വർഷം മുമ്പ് മകളോടൊപ്പം ഒരു യൂറോപ്യൻ രാജ്യത്താണ് താമസിക്കുന്നത്. മറീനയുടെ രക്ഷപ്പെടലിനു പിന്നാലെ ‘നിരപരാധി ആയതിനാൽ അനധികൃതമായി തങ്കലിൽ വച്ചതിൽനിന്നു രക്ഷപ്പെട്ടു’ എന്ന അവരുടെ സന്ദേശവും പുറത്തുവന്നിരുന്നു.
2022 മാർച്ച് 14ന് വ്രമ്യ എന്ന വൈകുന്നേരത്തെ വാർത്താ പരിപാടിയിൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അവതാരക എകാർട്ടീന ആന്ദ്രീവ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ പിന്നിലായി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയാണ് മറീന ചെയ്തത്. ഇംഗ്ലീഷിലും റഷ്യൻ ഭാഷയിലും ഉള്ള ആ വാചകങ്ങൾ പറയുന്നത് ഇങ്ങനെ – ‘യുദ്ധം നിർത്തൂ, നിങ്ങളോട് ഇവർ കള്ളം പറയുകയാണ്. ഇവരുടെ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്’. പിന്നാലെ അവർ ഉച്ചത്തിൽ പറഞ്ഞു ‘യുദ്ധം നിർത്തൂ’. ഏതാനും സെക്കൻഡുകൾ കഴിഞ്ഞപ്പോൾ ആ പരിപാടിയുടെ സംപ്രേഷണം അവസാനിപ്പിച്ചു. മാർച്ച് 17ന് മറീന ചാനലിൽ നിന്ന് രാജിവച്ചതായും വാർത്തകൾ വന്നിരുന്നു.