
മോസ്കോ: കാമുകിയായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്, കത്തികൊണ്ട് 111 തവണ കുത്തിയ റഷ്യൻ യുവാവിന് മാപ്പുനൽകി പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഉക്രെയ്‌നെതിരായ യുദ്ധത്തിന് ചേരാൻ തീരുമാനിച്ചതിനെ തുടർന്നാണ് പുടിൻ ഇയാൾക്ക് മാപ്പ് നൽകിയത്.
പെൺസുഹൃത്തായിരുന്ന വെറ പെഖ്തെലേവയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വ്ലാദിസ്‍ലാവ് കന്യൂസിന്റെ ശിക്ഷയാണ് ഇളവ് ചെയ്തത്. മൂന്നര മണിക്കൂറോളമാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കേബിൾ വയറുകൊണ്ട് കഴുത്തുമുറക്കി ശ്വാസം മുട്ടിച്ചുകൊന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട അയൽക്കാർ പൊലീസിനെ അറിയിക്കാൻ ശ്രമം നടത്തി. എന്നാൽ പൊലീസ് ഇവരുടെ ഫോൺ അറ്റന്റ് ചെയ്തില്ല. പെൺകുട്ടിയുടെ അമ്മ ഒക്സാനയുടെ വെളിപ്പെടുത്തലോടെയാണ് ക്രൂരകൃത്യം ലോകമറിഞ്ഞത്. ബന്ധത്തിൽ നിന്ന് പിൻമാറിയതിനാണ് കന്യൂസ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
സൈനിക യൂനിഫോം ധരിച്ച കന്യൂസിന്റെ ചിത്രം ശ്രദ്ധയിൽ പെട്ടപ്പോഴാണ് അവർ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘വലിയ തിരിച്ചടിയാണിത്. കല്ലറയിൽ കിടക്കുന്ന എന്റെ കുഞ്ഞിന് സ്വസ്ഥത കിട്ടില്ല. എന്റെ ജീവിതവും പ്രതീക്ഷയുമാണ് നഷ്ടമായത്.എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. നീതി പോലും അകലെയാക്കിയ ഈ രാജ്യത്ത് ജീവിക്കുന്നതിൽ അർഥമില്ല,’ ഒക്സാന പറഞ്ഞു.
ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന കന്യൂസിനെ യുദ്ധം ചെയ്യാനായി ഉക്രെയ്ൻ അതിർത്തിയിലേക്ക് പറഞ്ഞയച്ചതാണ് റഷ്യ. നവംബർ മൂന്നിനാണ് കന്യൂസിന് പൊതുമാപ്പ് നൽകിയത്. ഹീനമായ കൊലപാതകം നടത്തിയതിന് ഒരുവർഷത്തിൽ താഴെ മാത്രമാണ് കന്യൂസ് ശിക്ഷയനുഭവിച്ചത്.
അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പുടിനെ ന്യായീകരിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ യുദ്ധക്കളത്തിലെ രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്നാണ് പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.