റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി; ലൂണ-25 ചന്ദ്രനിൽ തകര്‍ന്നുവീണു

മോസ്കോ: അര നൂറ്റാണ്ടിനു ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്നുവീണു. ചന്ദ്രോപരിതലത്തിലേക്ക് നാളെ ഇറക്കാനിരിക്കെയാണ് റഷ്യയുടെ ലൂണ 25 ഇടിച്ചിറങ്ങിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കയറിയ ലൂണ 25, ചന്ദ്രനിലേക്ക് താഴ്ത്തുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായെന്നാണ് വിവരം. ലൂണ 25മായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും അസാധാരണ സാഹചര്യം നേരിട്ടുവെന്നും റഷ്യൻ ബഹിരാകാശ ഏജൻസി പറഞ്ഞു.

തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്തല്‍ നടത്താനായില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേടകം നിയന്ത്രണം നഷ്ടമായി ചന്ദ്രനില്‍ തകര്‍ന്നുവീണതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, ചന്ദ്ര ഗർത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്.

1976 നു ശേഷം 2021 ൽ പേടകം വിക്ഷേപിക്കാൻ റഷ്യ തീരുമാനിച്ചെങ്കിലും നിഷ്ഫലമായി. ഈ വർഷം ഓഗസ്റ്റ് 11 നാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ലൂണ 25 വിക്ഷേപിച്ചത്. ഇന്ത്യയുടെ ‘ചന്ദ്രയാൻ 3’ നോടൊപ്പം ഏറെ പ്രതീക്ഷയുള്ള ചാന്ദ്രദൗത്യമായിരുന്നു ലൂണ 25 . ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങും.

More Stories from this section

family-dental
witywide