ശബരിമല സ്‌പെഷ്യല്‍: രണ്ട് ട്രെയിനുകള്‍ നാളെ സര്‍വ്വീസ് ആരംഭിക്കും

കോട്ടയം: മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ നാളെ സര്‍വീസ് തുടങ്ങും. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം ട്രെയിനുകള്‍ നാളെ സര്‍വ്വീസ് ആരംഭിക്കും. സെക്കന്ദരാബാദ്- കൊല്ലം സ്‌പെഷ്യല്‍ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാദില്‍ നിന്ന് പുറപ്പെടും. തിങ്കള്‍ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 21ന് പുലര്‍ച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര തുടങ്ങും.

നര്‍സപുര്‍- കോട്ടയം ട്രെയിന്‍ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നര്‍സപുറില്‍ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിന്‍ 20ന് വൈകിട്ട് 7ന് കോട്ടയത്തു നിന്ന് പുറപ്പെടും. വന്ദേഭാരത് ഉള്‍പ്പടെ 200ഓളം ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകളാണ് ഈ വര്‍ഷം പരിഗണനയിലുള്ളത്.

More Stories from this section

family-dental
witywide