തിരുവനന്തപുരം: കഴിഞ്ഞ ഇരുപത് വർഷങ്ങളായി താൻ സിനിമകൾ കാണാറില്ലെന്നും മന്ത്രിയായതിന് ശേഷം ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുതിയ സിനിമകൾക്ക് അർഥമില്ലെന്നും അവയിൽ യാതൊരു സന്ദേശവുമില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
സിനിമ മേഖലയെ പറ്റിയും സിനിമ വ്യവസായത്തെപ്പറ്റിയും തനിക്കറിയാം, നിരവധി സിനിമാക്കാരെയും തനിക്കറിയാം, പക്ഷെ ഒരു സിനിമ പോയി കണ്ടു ആസ്വദിക്കാൻ ഉള്ള മനസ്സ് ഇപ്പോഴില്ലെന്ന് സജി ചെറിയാൻ പറഞ്ഞു.
”ഒരു കാലത്ത് സിനിമകളുടെ വലിയ ആരാധകനായിരുന്നു. ഒരു ദിവസം അഞ്ച് സിനിമകള്‍ വരെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഒരു ഘട്ടമെത്തിയപ്പോഴേയ്ക്കും സിനിമകള്‍ക്ക് ഒരു അര്‍ത്ഥവും ഇല്ലാതായതായി തോന്നി. അത് ഒരു വികാരങ്ങളും ഉണ്ടാക്കാറില്ല. പുതിയ സിനിമകളുമായി ഒരു കണക്ഷനും തോന്നുന്നില്ല അതാണ് കാണുന്നത് നിര്‍ത്താന്‍ കാരണം,” അദ്ദേഹം പറഞ്ഞു.
ഒരു സാംസ്കാരിക മന്ത്രി എങ്ങനെ സിനിമ കാണാതിരിക്കും എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും, താൻ സിനിമാ മേഖലയിലെ പലരുമായും അടുത്ത് ഇടപഴകുകയും വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് തനിക്ക് നല്ല ബോധമുണ്ടെന്നും സജി ചെറിയാൻ മറുപടി നൽകി.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് അവാർഡ് നിർണയത്തിൽ ഒരുതരത്തിലും ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഗൗതം ഘോഷിനെ അടക്കമുള്ള ജൂറികളെ വിളിച്ചു വരുത്തി നിശ്ചയിച്ച അവാർഡുകളെ മാറ്റി എന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.
”രഞ്ജിത്തിന്റെ ഒരു സ്വാധീനവും ജൂറിക്കുമേല്‍ ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് ഭരണത്തില്‍, പിണറായി വിജയൻ മുഖ്യമന്ത്രിയും ഞാൻ സാംസ്കാരിക മന്ത്രിയുമായിരിക്കുമ്പോൾ അത്തരം ഇടപെടൽ സാധിക്കില്ല” – മന്ത്രി പറഞ്ഞു. ആരോപണങ്ങൾ പരിശോധിച്ച് രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.