
മുംബൈ: യുവനടിയുടെ ബലാത്സംഗ ആരോപണം തള്ളി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംഡി സജ്ജൻ ജിൻഡാൽ. തനിക്കെതിരായപരാതി പൂർണ്ണമായും വസ്തുതാ വിരുദ്ധവും അസംബന്ധവുമാണെന്ന് സജ്ജൻ ജിൻഡാൽ പ്രതികരിച്ചു. പോലീസിലും നിയമസംവിധാനത്തിലും വിശ്വാസമുണ്ടെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈയിലെ പോലീസ് സ്റ്റേഷനിൽ നടി നൽകിയിരിക്കുന്ന പരാതി പ്രകാരം ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 354 (സ്ത്രീത്വത്തെ അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് സജ്ജൻ ജിൻഡാലിനെതിരെ കേസെടുത്തിരിക്കുന്നത്.
2021 ഒക്ടോബറിൽ ദുബായിലെ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ ഐ.പി.എൽ മത്സരം കാണുന്നതിനിടെയാണ് ആദ്യമായി ജിൻഡാലിനെ കണ്ടതെന്ന് നടി പരാതിയിൽ പറയുന്നു. അതിനു ശേഷം എം.പി പ്രഫുൽ പട്ടേലിന്റെ മകന്റെ കല്യാണത്തിന് ജയ്പൂരിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. ദുബായിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടന്റ് ആയ നടിയുടെ സഹോദരന്റെ പേരിലുള്ള വീട് വാങ്ങാൻ ജിൻഡാൽ താൽപര്യം കാണിച്ചപ്പോൾ മൊബൈൽ നമ്പറുകൾ കൈമാറി. പിന്നീട് മുംബൈയിൽ കണ്ടുമുട്ടി.
ജിൻഡാൽ പല വിധത്തിലുള്ള പ്രണയ മെസേജുകൾ മൊബൈൽ വഴി അയക്കാൻ തുടങ്ങിയെന്നും തന്റെ വിവാഹബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും അസ്വസ്ഥനാണെന്നും പറഞ്ഞെന്നും നടി പരാതിയിൽ പറയുന്നു. വിവാഹിതനായിട്ടും നടിക്കൊപ്പം സമയം ചെലവഴിക്കാൻ ജിൻഡാൽ ആഗ്രഹം പ്രകടിപ്പിച്ചു. ഒരിക്കൽ ചുംബിക്കാനും ശ്രമിക്കുകയും ശാരീരിക ബന്ധത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. എന്നാൽ വിവാഹശേഷം മാത്രമേ ഇതൊക്കെ നടക്കൂവെ എന്ന് നടി അറിയിച്ചു.
2022 ജനുവരിയിൽ കമ്പനിയുടെ ആസ്ഥാനത്ത് യോഗത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു നടി. തുടർന്ന് നടിയെ ജിൻഡാൽ പെൻഡ്ഹൗസിലേക്ക് കൊണ്ടുപോയി എതിർപ്പുകൾ വകവെക്കാതെ ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. അതിനു ശേഷവും അദ്ദേഹവുമായി സൗഹൃദബന്ധം തുടരാൻ ആഗ്രഹിച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും നമ്പർ ബ്ലോക്ക് ചെയ്തുവെന്നും നടി ആരോപിച്ചു.















