ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി; ഭണ്ഡാരപ്പണം മിത്തുമണി; പരിഹാസവുമായി സലിം കുമാർ

സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്ന് വിളിച്ച് തുടങ്ങണമെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കണമെന്നും സലിം കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാർ പങ്കുവച്ചു.

സലിം കുമാറിന്റെ കുറിപ്പ്

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളിൽനിന്നു തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.

കഴിഞ്ഞദിവസം മിത്ത് വിവാദത്തിൽ സ്‍പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയിരുന്നു. പാളയം ഗണപതിക്ഷേത്ര പരിസരത്തായിരുന്നു നാമജപയാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ളവരാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. സംഭവത്തിൽ കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഷംസീറിനു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.

അതേസമയം, ‘മിത്ത്’ പരാമർശത്തിൽ എ.എൻ.ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യം സിപിഎം തള്ളി. ഷംസീർ പറഞ്ഞതു മുഴുവൻ ശരിയാണെന്നും അതു തിരുത്താനോ മാപ്പു പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.