സാം ആള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍ എഐ ഹെഡ് ക്വാര്‍ട്ടേര്‍സിൽ, തിരികെ വരുമോ? അഭ്യൂഹം ശക്തം

ഓപ്പണ്‍ എഐയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേര്‍സിലെത്തി മുന്‍ സിഇഒ സാം ആള്‍ട്ട്മാന്‍. അതിഥിയുടെ ഐഡി പാസ് കയ്യില്‍ വെച്ചുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള ചിത്രം സാം ആള്‍ട്ട്മാന്‍ എക്‌സില്‍ പങ്കുവെക്കുകയായിരുന്നു. ആദ്യവും അവസാനവുമായാണ് താനിത് ധരിക്കുന്നതെന്ന കുറിപ്പോടെയാണ് സാം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, സാം ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ രാജിവെച്ച സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനെയും സ്ഥാപനം ക്ഷണിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സൈറ്റായ ദ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താല്‍ക്കാലിക സിഇഒ ആയ മീറ മറട്ടിയാണ് ഇരുവരെയും ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

സാം ആള്‍ട്ട്മാനെ പുറത്താക്കിയത്തില്‍ നിക്ഷേപകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ത്രൈവ് ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള ചില നിക്ഷേപകര്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പണ്‍ എഐയെ നയിക്കാനുള്ള കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച കമ്പനി ആള്‍ട്ട്മാനെ പുറത്താക്കിയത്. ആള്‍ട്ട്മാന്റെ പുറത്താക്കലിനെ തുടര്‍ന്ന് ഗ്രെഗ് ബ്രോക്ക്മാനെ കൂടാതെ, മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവരും രാജിവക്കുകയായിരുന്നു.

പിന്നാലെ ഓപ്പണ്‍എഐയില്‍ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന മിറാ മറട്ടിയെ കമ്പനിയുടെ ഇടക്കാല സിഇഒയായി നിയമിക്കുകയായിരുന്നു. പുതിയൊരാളെ നിയമിക്കും വരെ ഇവർ തുടരുമെന്ന് കമ്പനി അറിയിച്ചിരുന്നു. ‘ആശയവിനിമയം നടത്തുമ്പോള്‍ സത്യസന്ധത പുലര്‍ത്തുന്നില്ല’ എന്ന കാരണമാണ് പുറത്താക്കലിന് പിന്നിലെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Sam Altman in Open AI Office, reports of return

More Stories from this section

family-dental
witywide