ഏതു ഭാഷയിലെ ഫോണ്‍ കോളുകളും തത്സമയം തര്‍ജ്ജമചെയ്യും; ഗ്യാലക്സി എഐയുമായി സാംസങ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി സാംസങ്. സമഗ്ര എഐ സംവിധാനം എന്ന് വിശേഷണവുമായി ‘ഗ്യാലക്സി എഐ’ 2024 ജനുവരിയിൽ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗ്യാലക്സി എഐ എത്തുന്നത്. എഐ രംഗത്തെ മുന്‍നിര കമ്പനികളുമായി സഹകരിച്ച് ഒരുക്കിയ ക്ലൗഡ് അധിഷ്ഠിത എഐയും സാംസങ് വികസിപ്പിച്ച എഐയും അടിസ്ഥാനമാക്കിയാണ് ഗ്യാലക്സി എഐയുടെ പ്രവര്‍ത്തനം.

മറ്റൊരു ഭാഷക്കാരനുമായി ഫോണിലൂടെ സംസാരിക്കുമ്പോള്‍ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാൻ ഈ ഫീച്ചർ വഴി കഴിയും. ഈ എഐ ഫീച്ചർ ഫോൺ കോളുകൾക്കിടയിൽ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവർത്തനങ്ങൾ നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഗ്യാലക്സി എഐ ദൈനംദിന മൊബൈല്‍ ഉപയോഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സാംസങ് പറയുന്നു. ഒപ്പം സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അടുത്തവര്‍ഷം ആദ്യം ഗാലക്‌സി എഐ ഫോണുകളിലെത്തുമെന്ന് കമ്പനി പറഞ്ഞു. 2024-ല്‍ പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ് 24 സ്മാര്‍ട്‌ഫോണുകളില്‍ ഗാലക്‌സി എഐ ഉള്‍പ്പെടുത്തിയേക്കും. ഈ ആഴ്ച നടന്ന ഒരു പരിപാടിയില്‍, സാംസങ് തങ്ങള്‍ വികസിപ്പിച്ച ഗോസ് (Gauss) എന്ന ജനറേറ്റീവ് എഐ മോഡലും പരിചയപ്പെടുത്തിയിരുന്നു. ഇതും ഗാലക്‌സി എസ്24 ഫോണുകളില്‍ അവതരിപ്പിച്ചേക്കും.

More Stories from this section

family-dental
witywide