ഇന്‍ഡോര്‍ ( മധ്യപ്രദേശ്) : സനാതന ധര്‍മം എല്ലാ ഭാരതീയരുടേയും മതമാണെന്നും എല്ലാ പൗരന്മാരും ഹിന്ദുവാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മം ഭാരതത്തിന്റെ ദേശീയ മതമാണ്. ആര്‍ക്കും അതിന്റെ ചിരന്തന സ്വഭാവത്തെ ചോദ്യംചെയ്യാനാകില്ല. ഇന്‍ഡോറിലെ ശ്രീനാഥ് ക്ഷേത്രത്തിലെ കൊടിമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി.
ഹിന്ദു എന്നത് മതപരമായ വാക്കല്ല, അത് എല്ലാ ഇന്ത്യക്കാരുടേയും സാംസ്കാരിക സ്വത്വമാണ്. നിര്‍ഭാഗ്യവശാല്‍ പലരും ഹിന്ദു എന്നതിന് വളരെ ഇടുങ്ങിയ അര്‍ഥമാണ് നല്‍കുന്നത്.
ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ളദേശിലുമുള്ള മുസ്ലിംകള്‍ ഹജ്ജിനായി മക്കയില്‍ പോകുമ്പോള്‍ അവരെ ഹിന്ദു എന്നാണ് സൗദി അറേബ്യ അഭിസംബോധന ചെയ്യുന്നത്. അത് ജാതി സൂചക പേരല്ല. ഭാരതത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്ന സാംസ്കാരിക അഭിവാദനമാണ്.
ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നത് ആരോ അവര്‍ ഹിന്ദുക്കളാണ്. ഭാരതത്തിന്റെ തനിമയേയും പുരാണങ്ങളേയും മായിച്ചുകളയാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തോട് അനീതി കാട്ടുന്നു. – യോഗി പറഞ്ഞു. ഒപ്പം ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനകിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. മൂന്നു തലമുറ മുമ്പ് ഭാരതത്തില്‍ നിന്ന് പോയവരാണ് റിഷിയുടെ കുടുംബം എന്നിട്ടും അവര്‍ ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു.