‘സനാതന ധർമം മലേറിയയ്ക്കും ഡെങ്കിക്കും സമാനം’: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദത്തിൽ

ചെന്നൈ: സനാതനധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. അതിനെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം,’’ ഉദയനിധി പറഞ്ഞു.

അതേസമയം, ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി.സനാതനധർമ്മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതിലൂടെ ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഇല്ലാതാക്കണമെന്നാണ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു.

മാളവ്യയുടെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തി. സനാതനധർമ്മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധർമ്മം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇതിന്റെ പേരിൽ നിയമനടപടി നേരിടാനും മടിയില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide